നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി; ബാലാവകാശ കമ്മീഷന് പരാതി

Jaihind Webdesk
Wednesday, November 22, 2023

 

കണ്ണൂർ: മുഖ്യമന്ത്രിയുടെ നവകേരള സദസുമായി ബന്ധപ്പെട്ട വാഹനവ്യൂഹം കടന്നുപോകവെ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ച് അധ്യാപകർ. തലശേരി ചമ്പാട് എൽപി സ്കൂളിലെ വിദ്യാർത്ഥികളെയാണ് മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിപ്പിക്കാനായി കൊടും വെയിലത്ത് നിർത്തിയത്. ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി തലശേരിയിൽ നിന്ന് പാനൂരിലേക്ക് പോകുന്ന വേളയിലാണ് എൽപി സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ വിളിപ്പിച്ചത്. മുഖ്യമന്ത്രി വരുന്നതിന് ഒരു മണിക്കൂർ മുമ്പുതന്നെ വിദ്യാർത്ഥികളെ അധ്യാപകർ റോഡിൽ നിർത്തി. മുഖ്യമന്ത്രി കടന്നു പോകുമ്പോൾ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ചമ്പാട് എൽപി സ്കൂളിലെ ഇടതു അനുകൂല അധ്യാപക സംഘടന നേതാക്കളാണ് ഇതിനു പിന്നിലെന്നാണ് സൂചന. അതേസമയം സംഭവത്തിൽ സംസ്ഥാന ബാലവകാശ കമ്മീഷന് പരാതി നല്‍കി. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫാണ് പരാതി നൽകിയത്. കടുത്ത വെയിലിൽ സ്കൂൾ അസംബ്ലി പോലും നടത്താൻ പാടില്ല എന്ന ചട്ടം നിലനിൽക്കെ ബാലവകാശ നിയമങ്ങളെ കാറ്റിൽ പറത്തിയാണ് ഇത്തരത്തിൽ കടുത്ത ബാലാവകാശ ലംഘനം നടത്തിയിട്ടുള്ളത് എന്ന് പരാതിയിൽ പറയുന്നു. എൽപി സ്കൂൾ വിദ്യാർത്ഥികളെ സുരക്ഷിതമല്ലാത്ത റോഡിൽ അപകടകരമായ സാഹചര്യത്തിൽ നിർത്തി മുദ്രാവാക്യം വിളിപ്പിച്ച ഹെഡ്മാസ്റ്റർക്കും മറ്റ് അധ്യാപകർക്കും എതിരെ നടപടി എടുക്കണമെന്ന് പരാതിയിൽ പറയുന്നു.

അതേ സമയം ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ച് മട്ടന്നൂരിൽ നവകേരള സദസിന് ആളെ എത്തിക്കാന്‍ സ്കൂൾ ബസ് ഉപയോഗിച്ചു. പഴശി ബഡ്സ് സ്കൂളിന്‍റെയും സിഎച്ച്എംഎം ഹയർ സെക്കൻഡറി സ്കൂൾ തില്ലങ്കേരിയുടെയും വാഹനങ്ങളിൽ നവകേരളയാത്രയിൽ പങ്കെടുക്കാനുള്ള ആളുകളെ കൊണ്ടുവന്നു.