വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അമൽജ്യോതി എൻജിനീയറിംഗ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റലുകളിലും സമരം ചെയ്ത് വിദ്യാർത്ഥികള്‍

 

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികളുടെ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജ് ഹോസ്റ്റലുകളിൽ നിന്ന് വിദ്യാർത്ഥികൾ എത്രയും വേഗം ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകി. അതേസമയം ഹോസ്റ്റൽ ഒഴിയില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇതിനു പിന്നാലെ ഹോസ്റ്റലുകളിലും വിദ്യാർത്ഥികൾ സമരം ആരംഭിച്ചു. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു.  ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി തലകറങ്ങി വീണതാണെന്നാണ്​ കോളജ് അധികൃതർ ഡോക്‌ടറോട് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾ പറയുന്നു. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാർത്ഥികളും ബന്ധുക്കളും കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപാഠികൾ രംഗത്തുവന്നിരുന്നു. മൊബൈൽ ഫോണിന്‍റെ പേരിൽ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫീസ് റൂമിലേക്ക് വിളിപ്പിച്ച് അതിരുവിട്ട് ശകാരിച്ചതായും സഹപാഠികൾ പറയുന്നു. പ്രശ്‌നം വഷളാക്കിയത് വകുപ്പ് മേധാവിയും ലാബിലെ ടീച്ചറുമാണെന്നും വിദ്യാർത്ഥികള്‍ പറയുന്നു.

വിദ്യാർത്ഥികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്മെന്‍റ് ആവശ്യം വിദ്യാർത്ഥികൾ നിരാകരിച്ചു. ശ്രദ്ധയെ മാനസിക പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്ട്മെന്‍റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സംഭവത്തിൽ പോലീസ് നടപടി വൈകുന്നതിലും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

Comments (0)
Add Comment