സൗദിയില്‍ ഈ അധ്യയനവര്‍ഷം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ ഇരുന്നുള്ള പഠനരീതി വന്നേക്കാം : കൊവിഡ് തുടര്‍ന്നാല്‍ മറ്റു രാജ്യങ്ങളിലും

B.S. Shiju
Monday, May 18, 2020

ദുബായ് : കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഭീഷണി തുടര്‍ന്നാല്‍, 2020-2021 അധ്യയന വര്‍ഷം മുഴുവന്‍, ഇ-ലേണിങ് സംവിധാനം നടപ്പാക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. നിലവില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ സൗദി , യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പോകാതെയുള്ള പഠനരീതിയാണ് ( ഇ-ലേണിങ് ) തുടരുന്നത്.

വേനല്‍ക്കാല അവധിയ്ക്ക് ശേഷം, സെപ്റ്റംബറില്‍ ഇ-ലേണിങ് സംബന്ധിച്ച പുതിയ പഠന സംവിധാനം നടപ്പാക്കാന്‍ സൗദി ആലോചിക്കുന്നുണ്ട്. ഇതിനായി സൗദി വിദ്യാഭ്യാസ മന്ത്രാലയം, അധ്യാപകരുടെ യോഗ്യതാ പരിശോധന നടത്തി. കോവിഡ് -19 വൈറസ് തുടരുകയാണെങ്കില്‍, 2020-2021 അധ്യയന വര്‍ഷം മുഴുവനായി ഇ-ലേണിങ് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവില്‍, അറുപത് ലക്ഷം സൗദി വിദ്യാര്‍ത്ഥികളും 16 ലക്ഷം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും വിദൂര പഠനരീതിയാണ് പ്രയോജനപ്പെടുത്തുന്നത്.

ഇ-ലേണിങ് തുടരുന്നതിലൂടെ , രാജ്യത്തെ സ്‌കൂളുകളില്‍ നിന്നും അധ്യയനം അവസാനിപ്പിച്ച് മടങ്ങുന്നരുടെ എണ്ണം കുറയ്ക്കാനാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് മുഹമ്മദ് അല്‍ ഷെയ്ഖ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് സൗദി വിദൂര വിദ്യാഭ്യാസം നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, കൊറോണ വൈറസ് എന്ന മഹാരോഗത്തെ നേരിടാന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ അടുത്തിടെ നവീകരിച്ചതായും അദേഹം പറഞ്ഞു. ഇസ്ലാമിക് വേള്‍ഡ് എഡ്യൂക്കേഷന്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ എന്നിവ, ഇസ്ലാമിക ലോകത്തെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്കായി നടത്തിയ വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് സൗദി സര്‍വ്വകലാശാലാ മേധാവികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇതിനിടെ, കൊവിഡ് ഭീഷണി വീണ്ടും തുടര്‍ന്നാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളും സൗദിയുടെ പാത പിന്‍തുടര്‍ന്നേക്കാമെന്നും സൂചനകളുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പിന്നീട് മാത്രമേ ഉണ്ടാകൂ.