കര്‍ഷകരുടെ ക്ഷേമത്തിന് വിദ്യാര്‍ത്ഥികളുടെ കരങ്ങള്‍; വയലിലിറങ്ങി അമൃത കാര്‍ഷികശാസ്ത്ര വിദ്യാര്‍ത്ഥികള്‍

Jaihind News Bureau
Saturday, November 1, 2025

കോയമ്പത്തൂര്‍: അമൃത സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഗ്രാമീണ കാര്‍ഷിക പ്രവര്‍ത്തനപരിചയ പരിപാടിയായ RAWE യുടെ ഭാഗമായി അരസമ്പാളയം, കൊണ്ടമ്പട്ടി പഞ്ചായത്തുകളിലെ കര്‍ഷകരോടൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നു.

ഡീന്‍ ഡോ. സുധീഷ് മണാലിലിന്റെ മാര്‍ഗനിര്‍ദേശത്തിലും അധ്യാപക സംഘത്തിന്റെ സാന്നിധ്യത്തോടെയും വിദ്യാര്‍ത്ഥികളായ അധ്യ എ.കെ, ഹിന്ദുജ എന്‍.എസ്, നമിത പ്രസാദ്, ഹന്ന മുനീര്‍, നന്ദന കൃഷ്ണ , ഹരിഹരന്‍ കെ, ജീവാനന്ദം സി, ലക്ഷ്മി ഗായത്രി, അനുഗ്രഹ എ, അഞ്‌ജോയ നായക്, കൃഷ്ണ എന്‍.ബി എന്നിവര്‍ വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാണ്.

വിദ്യാര്‍ത്ഥികളുടെ ഫീല്‍ഡ് സന്ദര്‍ശനത്തില്‍ ടോമാറ്റോ വിളയില്‍ ‘ബ്ലോസം എന്‍ഡ് റോട്ട്’ എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. അതനുസരിച്ച് അധ്യാപക മാര്‍ഗനിര്‍ദേശപ്രകാരം മൈക്രോന്യൂട്രിയന്റ് ആയ കാല്‍സ്യം നൈട്രേറ്റ് തളിച്ച് രോഗനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തി. രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞതിലൂടെ വിളനാശം തടയാനായെന്ന് കര്‍ഷകര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ നടത്തിയ ഇടപെടല്‍ ഗ്രാമത്തിലെ കര്‍ഷകര്‍ ആവേശത്തോടെയും നന്ദിയോടെയും സ്വീകരിച്ചു. ശാസ്ത്രീയ മാര്‍ഗ്ഗനിര്‍ദേശങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ കര്‍ഷകര്‍ക്ക് പുതിയ അറിവുകളും ആത്മവിശ്വാസവും പകരുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരു മാസം കൂടി തുടരുമെന്ന RAWE പ്രോഗ്രാം, വിദ്യാര്‍ത്ഥികള്‍ക്ക് യഥാര്‍ത്ഥ കര്‍ഷകജീവിതം നേരിട്ടറിയാനുള്ള അവസരം ഒരുക്കുന്നതിനൊപ്പം, കാര്‍ഷിക സമൂഹവുമായി ദൃഢബന്ധം സ്ഥാപിക്കുന്നതിലും സഹായകമാകുന്നുവെന്ന് ഡീന്‍ ഡോ. സുധീഷ് മണാലില്‍ പറഞ്ഞു.