മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിന് മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച് വിദ്യാർത്ഥികള്‍. ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് നാലു നിയമ വിദ്യാർത്ഥികളാണ് ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പൊതു അവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. ശിവാംഗി അഗർവാൾ, സത്യജിത് സിദ്ധാർത്ഥ് സാൽവേ, വേദാന്ത് ഗൗരവ് അഗർവാൾ, ഖുഷി സന്ദീപ് ബംഗിയ എന്നീ വിദ്യാർത്ഥികളാണ് ഹർജി നല്‍കിയത്. മതപരമായ ചടങ്ങ് ആഘോഷിക്കാൻ പൊതു അവധി പ്രഖ്യാപിച്ചത് ഭരണഘടന അനുശാസിക്കുന്ന മതേതര തത്വങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥികൾ നൽകിയ പൊതുതാൽപര്യ ഹർജി ബോംബെ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഞായറാഴ്ച പരിഗണിക്കും. രാവിലെ 10.30 നാണ് ജസ്റ്റിസുമാരായ ജി.എസ്. കുൽക്കർണി, നീല ഗോഖലെ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഹർജി പരിഗണിക്കുക.