‘വിദ്യാവാഹനം കെ.എല്‍31’; വയനാട്ടിലെ കുരുന്നുകള്‍ക്കായി കൈക്കോര്‍ത്ത് മാവേലിക്കരയിലെ വിദ്യാർത്ഥികളും ആര്‍ടി ഓഫീസും

Friday, August 9, 2024

 

ആലപ്പുഴ: വയനാടിന് സഹായവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മാവേലിക്കര ജോയിന്‍റ് ആര്‍ടിഒ ഓഫീസും ഒന്നിക്കുന്നു. അവർ സംയുക്തമായി നടത്തിയ പഠനോപകരണ സമാഹരണ യജ്ഞം ‘വിദ്യാവാഹനം കെ.എല്‍31’ന്‍റെ ആദ്യ കിറ്റ് സമാഹരണം നൂറനാട് പണയില്‍ ഗവണ്‍മെന്‍റ് എസ്.കെ.വി.എല്‍.പി സ്‌കൂളില്‍ നടന്നു.

വയനാട്ടിലെ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനായി കൈക്കോര്‍ത്തിരിക്കുയാണ് മാവേലിക്കര താലൂക്കിലെ സ്‌കൂളുകളും ആര്‍ടിഒ ഓഫീസും. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എല്ലാവരും വയനാട്ടിലെ കുട്ടികള്‍ക്കായി തങ്ങള്‍ ശേഖരിച്ച പഠനോപകരണങ്ങള്‍ മാവേലിക്കര ജോയിന്‍റ് ആര്‍ടിഒയ്ക്ക് കൈമാറി. ബാഗുകള്‍, ബുക്കുകള്‍, ചോറ്റുപാത്രങ്ങള്‍, പെന്‍സില്‍, പേന, കുടകള്‍ എന്നിവയാണ് കുട്ടികള്‍ എത്തിച്ചത്. മാവേലിക്കര താലൂക്കിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമായി ഒട്ടനവധി പഠനോപകരണ കിറ്റുകളാണ് ഈ സംരംഭത്തിലേക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വയനാട്ടില്‍ പഠനം തുടരുവാന്‍ ഒരുങ്ങുന്ന കൂട്ടുകാര്‍ക്കായി കുട്ടികള്‍ തന്നെ ആണ് പഠനോപകരണങ്ങള്‍ ശേഖരിച്ച് സ്‌കൂളില്‍ എത്തിച്ചത്.

മാവേലിക്കര ജോയിന്‍റ് ആര്‍ടി ഓഫീസിന്‍റെ നേതൃത്വത്തില്‍ ഈ പഠനോപകരണ കിറ്റുകള്‍ വയനാട്ടില്‍ എത്തിക്കാനാണ് തീരുമാനം. സ്‌കൂളിലെ പ്രധാനാദ്ധ്യാപിക ബിന്ദു , പിടിഎ പ്രസിഡന്‍റ് സുരേഷ് എന്നിവരില്‍ നിന്നും മാവേലിക്കര ജോയിന്‍റ് ആര്‍ടിഒ എം.ജി. മനോജ് ‘വിദ്യാവാഹനം കെ.എല്‍31’ എന്ന പദ്ധതിയില്‍ നിന്നും കിറ്റുകള്‍ സ്വീകരിച്ചു.