അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് സസ്പെന്‍ഷന്‍

Jaihind Webdesk
Friday, January 20, 2023

കൊച്ചി: കോളേജ് യൂണിയന്‍ പരിപാടിക്കിടെ സിനിമ താരം അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് സസ്പെന്‍ഷന്‍. ലോ കോളേജ് സ്റ്റാഫ് കൌണ്‍സിലിന്‍റേതാണ് തീരുമാനം. എറണാകുളം ലോ കോളേജ് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ഒരാഴ്ചയാണ് സസ്പെൻഷൻ.

താരത്തിന് പൂവു നല്‍കാനായി വേദിയില്‍ കയറിയ വിഷ്ണു കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അസ്വസ്ഥയാകുകയും മാറി നില്‍ക്കാനും ശ്രമിച്ചതോടെ  ‘എന്താടോ, ലോ കോളജ് അല്ലേ’ എന്ന് ചോദിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ വിദ്യാര്‍ത്ഥിയോട് കോളേജ് കൌണ്‍സില്‍ വിശദീകരണം ചോദിച്ചിരുന്നു.  തന്‍റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നതായി വിദ്യാര്‍ത്ഥി  അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്പെൻഡ് ചെയ്തത്.

കൊച്ചി ലോ കോളേജ്  യൂണിയന്‍ പരിപാടിയില്‍ അതിഥിയായാണ്  അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും എത്തിയത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന   തങ്കം സിനിമയുടെ പ്രമോഷന്‍റെ കൂടി ഭാ​ഗമായിട്ടായിരുന്നു സന്ദർശനം.