
പാക് അധിനിവേശ കശ്മീരില്‍ (POK) വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനെതിരേ വീണ്ടും പ്രതിഷേധം ആളിക്കത്തുന്നു. പാക്കിസ്ഥാനിലെ ‘ജെന്‍ Z’-ലെ വിദ്യാര്‍ത്ഥികളാണ് നേതൃത്വം നല്‍കുന്നത്. ഫീസ് വര്‍ദ്ധനവിനും മൂല്യനിര്‍ണ്ണയ പ്രക്രിയക്കും എതിരായ സമാധാനപരമായ പ്രതിഷേധമായിട്ടാണ് ഇത് ആരംഭിച്ചതെങ്കിലും, ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനെതിരായ വലിയ പ്രക്ഷോഭങ്ങളായി ഇത് വളരുകയാണ്. ഈ മാസം ആദ്യം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ കൂടുതലും സമാധാനപരമായിരുന്നെങ്കിലും, ഒരു അജ്ഞാതന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെയാണ് ഇത് അക്രമാസക്തമായത്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മുസാഫറാബാദില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഫീസ് വര്‍ദ്ധനവിനും മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കും വേണ്ടിയുള്ള ആവശ്യങ്ങളുമായി മുസാഫറാബാദിലെ ഒരു പ്രമുഖ സര്‍വകലാശാലയിലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പ്രക്ഷോഭം ശക്തി പ്രാപിച്ചതോടെ, സര്‍വകലാശാലയിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഈ സംഭവം പ്രക്ഷോഭങ്ങള്‍ക്ക് ഒരു വഴിത്തിരിവായി. പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. നേപ്പാളിലെയും ബംഗ്ലാദേശിലെയും ന്യൂ ജന്‍ പ്രതിഷേധങ്ങള്‍ക്ക് സമാനമാണ് ഈ കലാപം.

പുതിയ അധ്യയന വര്‍ഷത്തില്‍ മെട്രിക്കുലേഷന്‍, ഇന്റര്‍മീഡിയറ്റ് തലങ്ങളില്‍ പുതിയ ഇ-മാര്‍ക്കിംഗ് അല്ലെങ്കില്‍ ഡിജിറ്റല്‍ അസസ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ചതാണ് പ്രതിഷേധത്തന് കാരണമായത്. ഇന്റര്‍മീഡിയറ്റ് ഒന്നാം വര്‍ഷ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് കുറഞ്ഞ മാര്‍ക്കാണെന്ന പരാതി ഉയര്‍ന്നു. ഇത് ഇ-മാര്‍ക്കിംഗ് സിസ്റ്റം മൂലമാണെന്ന് ആരോപിച്ചതോടെ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
2024 ജനുവരിയില്‍ സമാനമായ ഒരു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഓരോ 3-4 മാസത്തിലും സെമസ്റ്റര്‍ ഫീസ് എന്ന പേരില്‍ ലക്ഷക്കണക്കിന് രൂപ പിരിച്ചെടുക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. അന്ന്, POK-യിലെ അദ്ധ്യാപകരും ഭരണനിര്‍വഹണ ജീവനക്കാരും ദീര്‍ഘകാലമായി കുടിശ്ശികയുള്ള ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു.ഈ പ്രശ്‌നം ലാഹോര്‍ പോലുള്ള പാകിസ്ഥാന്‍ നഗരങ്ങളിലും അലയടിച്ചു, അവിടെ കഴിഞ്ഞ മാസം ലാഹോര്‍ പ്രസ് ക്ലബിന് മുന്നില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഒടുവില്‍ ഷെരീഫ് സര്‍ക്കാര്‍ വഴങ്ങുകയും പ്രതിഷേധക്കാരുമായി ഒരു കരാറില്‍ ഒപ്പുവെക്കുകയും, അവരുടെ ചില പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തതോടെയാണ് പ്രക്ഷോഭം ഒടുവില്‍ അവസാനിച്ചത്. എന്നാല്‍ ഏറ്റവും പുതിയ ഈ പ്രക്ഷോഭം വ്യത്യസ്തമാണ്. കഴിഞ്ഞ മാസം നടന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയക്കാരും പ്രവര്‍ത്തകരുമായിരുന്നു നയിച്ചിരുന്നതെങ്കില്‍, ഇത്തവണ ‘ന്യൂജന്‍ കുട്ടകളാണ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.