നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികലമായ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത പ്രക്ഷോഭവുമായി ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും എത്തി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യു ജി സി യുടെ കരട് വിദ്യാഭ്യാസ നയത്തിലെ ഫാസിസിറ്റ് അജണ്ടകള്‍, സ്വതന്ത്രവും നീതിയുക്തവുമായ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് നടത്തുക, വിദ്യാഭ്യാസത്തില്‍ സാമൂഹിക നീതി ഉറപ്പാക്കല്‍, നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍,ന്യൂനപക്ഷ സ്‌കീമുകള്‍ തുടരുക നീറ്റ് നെറ്റ് പരീക്ഷയിലെ അപാകത എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കടന്നു വന്നത് വിദ്യാര്‍ത്ഥികളുടെ ആവേശം വാനോളമാക്കി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം നശിപ്പിക്കപ്പെടും. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ അവര്‍ക്ക് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇവിടുത്തെ ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആ സംഘടനയുടെ പേര് രാഷ്ട്രീയ സ്വയംസേവക് സംഘം എന്നാണ്. വിദ്യാഭ്യാസ സമ്പ്രദായം അവരുടെ കൈകളിലേക്ക് പോയാല്‍, ഈ രാജ്യം നശിപ്പിക്കപ്പെടും, അത് യഥാര്‍ത്ഥത്തില്‍ സാവധാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്’ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ അനുബന്ധ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മഹാ കുംഭമേളയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. എന്നാല്‍ പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത് തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടുന്നില്ല. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും അദാനിക്കും അംബാനിക്കും കൈമാറുകയും സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് കൈമാറുകയും ചെയ്യുക എന്നതാണ് അവരുടെ മാതൃക,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനം സംബന്ധിച്ച യുജിസിയുടെ കരട് ചട്ടങ്ങള്‍ രാജ്യത്തിന്റെ മേല്‍ ‘ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ’ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന ആര്‍എസ്എസിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.