കോഴിക്കോട് : കായിക താരമായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതിയെ സ്കൂളിൽ നിന്നും സസ്പെന്‍ഡ് ചെയ്തു. കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ കായികാധ്യാപകൻ കോടഞ്ചേരി നെല്ലിപ്പൊയിൽ മീൻമുട്ടി സ്വദേശിയും തെയ്യപ്പാറ താമസക്കാരനുമായ വട്ടപ്പാറയിൽ വി.ടി മിനീഷിനെയാണ് പോക്സോ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയായ വിദ്യാർത്ഥിനി പ്രായപൂർത്തി ആവുന്നതിന് മുമ്പ് വിദ്യാർത്ഥിനി താമസിക്കുന്ന കട്ടിപ്പാറ സ്കൂളിന് അടുത്തുള്ള വാടകമുറിയിൽ നിന്നും, നെല്ലിപ്പൊയിൽ ഉള്ള മനീഷിന്‍റെ ബന്ധുവീട്ടിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതി പലതവണ വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും മാനഹാനി വരുത്തുകയും ചെയ്തതായും സ്കൂളിലെ കായിക മുറിയിൽ നിന്നു പോലും കടന്നുപിടിച്ചതായും പരാതിയിൽ പറയുന്നു. പ്രതിക്കെതിരെ താമരശേരി പോലീസ് പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതി സമാനമായ രീതിയിൽ മറ്റ് വിദ്യാത്ഥികളോടും പെരുമാറിയതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. നെല്ലിപ്പൊയിൽ സ്കൂളിൽ നിന്നും സ്വഭാവ ദൂഷ്യത്തിന് നേരത്തെ നടപടി നേരിട്ടയാളാണ് പ്രതി. താമരശേരി ഡിവൈഎസ്പി അഷറഫിന്‍റെ മേൽനോട്ടത്തിൽ എസ്.ഐ ലളിതയ്ക്കാണ് അന്വേഷണച്ചുമതല.
അതേസമയം മനീഷിനെ സ്‌കൂൾ മാനേജ്‌മെന്‍റ് സസ്‌പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കർശന നിർദേശത്തിന് പിന്നാലെയാണ് സസ്‌പെൻഷൻ. മന്ത്രിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് സ്‌കൂൾ മാനേജർ ഇയാളെ സസ്‌പെൻഡ് ചെയ്തു.