താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ പത്താം ക്ലാസുകാരന്റെ നില ഗുരുതരം. ട്യൂഷന് സെന്ററിലുണ്ടായ തര്‍ക്കമാണ് വിദ്യാര്‍ത്ഥികളുടെ അടിപിടിയില്‍ കലാശിച്ചത്. വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്ക്കൂളിലെയും താമരശ്ശേരി ഹയര്‍ സെക്കന്റി സ്കൂളിലെയും വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.
കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിലെ ട്യൂഷന് സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍ വെല്‍ നടന്നിരുന്നു, ഈ അവസരത്തില്‍ ട്യൂഷന് സെന്ററില്‍ പഠിക്കുന്ന വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ കപ്പിള്‍ ഡാന്‍സ് അവതരിപ്പിച്ചു, എന്നാല്‍ ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് പാട്ട് പാതി വഴിയില്‍ നില്‍ക്കുകയും ഡാന്‍സ് തടസ്സപ്പെടുകയും ചെയ്തു, ഈ അവസരത്തില്‍ താമരശ്ശേരി ഹയര്‍ സെക്കന്റി സ്കൂളിലെ ഏതാനും കുട്ടികള്‍ ഇവരെ കൂകി വിളിച്ചു, കൂകിയവരോട് ഡാന്‍സ് കളിച്ച പെണ്‍കുട്ടി ദേഷ്യപ്പെടുകയും ചെയ്തു.
ഇതേച്ചൊല്ലി പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകര്‍ ഇടപെട്ട് മാറ്റി രംഗം ശാന്തമാക്കി പറഞ്ഞു വിട്ടു. എന്നാല്‍ എം ജെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു രൂപീകരിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം നല്കിയ സന്ദേശത്തില്‍ സ്കൂളിലെ കുട്ടികളോട് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് താമരശ്ശേരി ട്യൂഷന് സെന്ററില്‍ എത്താന്‍ ആവശ്യപ്പെട്ടു, അതു പ്രകാരം 15 ല്‍ അധികം കുട്ടികള്‍ എത്തിച്ചേര്‍ന്നു. ഇവരും താമരശ്ശേരി ഹയര്‍ സെക്കന്റി
സ്കൂളിലെ കുട്ടികളും പരസ്പരം ഏറ്റുമുട്ടി.
സംഭവത്തില്‍ എം ജെ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസിന് തലക്ക് സാരമായി പരുക്കേറ്റു. എന്നാല്‍ പുറത്ത് പരുക്ക് ഇല്ലായിരുന്നു.ഷഹബാസിനെ ആശുപത്രിയില്‍ എത്തിക്കാതെ കൂട്ടുകാര്‍ വീട്ടില്‍ കൊണ്ടുവിട്ടു. വീട്ടില്‍ തളര്‍ന്നു കിടന്ന ഷഹബാസിസ് എന്താണ് സംഭവിച്ചത് എന്നറിയാന്‍ വീട്ടുകാര്‍ മകന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് അക്രമസംഭവങ്ങളെ കുറിച്ച് അറിവായത്. അതേതുടര്ന്ന് രാത്രി ഏഴു മണിയോടെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷഹബാസിന്റെ നില അതീവ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാലു കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.