മദ്യം വാങ്ങാന്‍ അമ്മൂമ്മയുടെ വള പണയം വച്ചു, SSLC പരീക്ഷയെഴുതാനെത്തിയത് 6000 രൂപയുടെ മദ്യക്കുപ്പിയുമായി

Jaihind News Bureau
Thursday, March 27, 2025

പത്താം ക്ലാസ് അവസാന പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍.  പത്തനംതിട്ട കോഴഞ്ചേരിയിലാണ്  സംഭവം നടന്നത്. കുട്ടിയെ അധ്യാപകര്‍ കൈയ്യോടെ പിടിച്ച് പരീക്ഷയില്‍ നിന്നും പുറത്താക്കി. അമ്മൂമ്മയുടെ വള പണയം വച്ച കാശില്‍ നിന്നും മദ്യം വാങ്ങിയാണ് വിദ്യാര്‍ഥി സ്‌കൂളില്‍ എത്തിയത്.

ആറായിരം രൂപ വിലയുള്ള വിദേശ മദ്യവുമായിട്ടാണ് പത്താം ക്ലാസുകാരന്‍ സ്‌കൂളിലെത്തിയത്. പത്താം ക്ലാസ് പരീക്ഷ അവസാനിച്ച ഇന്നലെ മൂന്നു സഹപാഠികളുമായി ആഘോഷിക്കാനാണ് ഷെയറിട്ട് മുന്തിയ ഇനം മദ്യം വാങ്ങിയത്. രാവിലെതന്നെ രുചിച്ചുനോക്കിയ ശേഷമാണ് മദ്യം ബാഗിലാക്കി സ്‌കൂളിലെത്തിയത്. മദ്യത്തിന്റെ മണംപിടിച്ചാണ് മറ്റു കുട്ടികള്‍ വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പോലീസിനെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി വിവരം ധരിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ബാഗില്‍നിന്നു മദ്യക്കുപ്പി കണ്ടെടുത്തു. കുപ്പിക്കു പുറമെ 10000 രൂപയും ബാഗില്‍നിന്നു കണ്ടെടുത്തു. ഇതിന്റെ ഉറവിടം തേടിയപ്പോഴാണ് മുത്തശിയുടെ കൈയിലെ വള മുറിച്ചെടുത്തു പണയം വച്ചതാണെന്നു കണ്ടെത്തിയത്.

പണയം വച്ച് ആകെ 34000 രൂപയാണ് കിട്ടിയത്. അതില്‍ നിന്നും ബാക്കി ഉണ്ടായിരുന്ന 24000 ചെലവായിപ്പോയെന്നും വിദ്യാര്‍ഥി പറഞ്ഞു. മദ്യപിച്ചാണെത്തിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സമിതി ചേര്‍ന്ന് വിദ്യര്‍ഥിയെ പുറത്താക്കി. ഷെയറിടുക മാത്ര മാണു ചെയ്തതതെന്നതിനാല്‍ മറ്റ് മൂന്നുപേരെയും പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നു.ഇവര്‍ക്ക് എങ്ങനെയാണ് മദ്യം ലഭിച്ചത് എന്ന് തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.