ശക്തികുളങ്ങര ക്ഷേത്രോത്സവത്തിനിടെ സംഘർഷം: വിദ്യാർത്ഥി മരിച്ചു

Jaihind News Bureau
Wednesday, March 4, 2026

 

 

ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻ്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ച് മടങ്ങിയെങ്കിലും, പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ തടിക്കഷണം കൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അക്രമം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഹരികൃഷ്ണൻ്റെ മരണം ഉറപ്പായതോടെ പ്രതികൾ ഒളിവിൽ പോയതായാണ് സൂചന. ശക്തികുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.