രാഷ്ട്രപതി പങ്കെടുത്ത ബിരുദദാനച്ചടങ്ങിനിടെ റാങ്ക് ജേതാവിനെ ഹാളിനു പുറത്താക്കിയതായി ആരോപണം

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഹിജാബ് ധരിച്ച് ബിരുദദാന ചടങ്ങിനെത്തിയ വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയെന്ന് ആരോപണം. എം.എ മാസ് കമ്മ്യൂണിക്കേഷന്‍ സ്വർണ മെഡൽ ജേതാവും മലയാളിയുമായ റബീഹ അബ്ദുൽ റഹീമിനെയാണു പുറത്താക്കിയത്. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ അദ്ദേഹം എത്തുന്നതിനു മിനിറ്റുകൾക്കാണ് മുമ്പ് എസ്പിജി ഭടന്മാരെത്തി റബീഹയെ പുറത്തേക്കു കൊണ്ടുപോയത്.

ഹിജാബ് നീക്കം ചെയ്യാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ ബിരുദദാന ചടങ്ങ് നടക്കുന്ന ഹാളിന് പുറത്താക്കുകയായിരുന്നു എന്ന് പല മാധ്യമങ്ങളിലും കണ്ടുവെന്നും എന്നാല്‍ തന്നോട് ഹിജാബ് നീക്കം ചെയ്യാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നും പുറത്താക്കിയത് എന്തിനെന്ന് അറിയില്ലെന്നും റബീഹ സോഷ്യല്‍ മീഡിയയിലുടെ തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടു പറഞ്ഞു.

189 വിദ്യാര്‍ത്ഥികളില്‍ പത്തോളം വിദ്യാർഥികൾക്കു മാത്രം മെഡൽ സമ്മാനിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് ഹാളില്‍ തിരികെ പ്രവേശിക്കാന്‍ അനുമതി ലഭിച്ചതെന്നാണ് റബീഹ പറയുന്നത്. തനിക്ക് നേരിട്ട മനോവിഷമത്തെ കുറിച്ച് സര്‍വകലാശാല അധികൃതരോട് വിശദമാക്കിയിട്ടുണ്ടെന്ന് റബീഹ പറഞ്ഞു.

https://youtu.be/NAuTlh_UMaU

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് റബീഹ സ്വർണ മെഡൽ വാങ്ങിയില്ല. സർട്ടിഫിക്കറ്റ് സ്വീകരിച്ചു. തന്നെ ഹാളിൽ നിന്നു പുറത്താക്കിയതിലുള്ള പ്രതിഷേധം ചടങ്ങിനിടെ വൈസ് ചാൻസിലറെ അറിയിക്കുകയും ചെയ്തു. ഇതിന്‍റെ വിഡിയോയും റബീഹ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പൗരത്വ ഭേദഗതി നിയമത്തിനും എൻആർസിക്കും എതിരെ പോരാടുന്ന വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സ്വര്‍ണമെഡൽ നിരാകരിച്ചതെന്ന് റബീഹ വ്യക്തമാക്കി.

rabeeha abdu rehim
Comments (0)
Add Comment