കൊല്ലം : എം മുകേഷ് എംഎൽഎയെ വീണ്ടും കൊല്ലത്ത് സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സിപിഎമ്മിൽ കലാപക്കൊടി ഉയരുന്നു. പാർട്ടിക്കോ മണ്ഡലത്തിനോ ഗുണം ചെയ്യാത്ത എം മുകേഷിന് ഇക്കുറി സീറ്റ് നൽകരുതെന്ന പൊതുവികാരമാണ്
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ഉയർന്നത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു.
ആനത്തലവട്ടം ആനന്ദന്‍റെ സാന്നിധ്യത്തിൽ ചേർന്ന സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ മുകേഷിനെതിരായ വികാരമാണ് ഉയർന്നത്. മുൻ മന്ത്രിയും മുതിർന്ന നേതാവു മായ പി.കെ ഗുരുദാസൻ ആണ് ആദ്യം യോഗത്തിൽ മുകേഷിനെതിരെ ആഞ്ഞടിച്ചത്. മുകേഷിന് പകരം കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കണമെന്ന് ഗുരുദാസൻ ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത ഒരംഗമൊഴികെ സംസ്ഥാന കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ മുകേഷിനെതിരെ വിമർശനമുയർത്തി. മുകേഷിനെ സ്ഥാനാർത്ഥിയാക്കിയാൽ സിറ്റിംഗ് സീറ്റ് പാർട്ടിയ്ക്ക് നഷ്ടമാകുമെന്ന് യോഗത്തിൽ പലരും ചൂണ്ടികാട്ടി. എം മുകേഷ് എം എം എൽഎയ്ക്കെതിരെ സിപിഎമ്മിൽ പുകഞ്ഞിരുന്ന അമർഷം ഇതോടെ ആളികത്തുകയാണ്. മുകേഷിനെതിരെ വരും ദിവസങ്ങളിൽ പാർട്ടിയുടെ മറ്റ് വേദികളിലും കലാപക്കൊടി ഉയരുമെന്നുറപ്പാണ്.
ആഴക്കടൽ മത്സ്യബന്ധന കരാറിൽ അടിതെറ്റിയ മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് നേരെ സ്വന്തം തട്ടകത്തിലെ പാർട്ടി വേദിയിൽ നിന്നും വിമർശന ശരങ്ങൾ ഉയർന്നു. മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട മന്ത്രിയുടെ ജാഗ്രത കുറവ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനമുയർന്നു. കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. മന്ത്രിയെ ഒഴിവാക്കിയാൽ എസ്.എൽ സജികുമാറിനെ ഇവിടെ പരിഗണിക്കും. കൊട്ടാരക്കരയിൽ ഐഷാ പോറ്റി എംഎൽഎ യെ ഒഴിവാക്കി കെ.എൻ ബാലഗോപാലിനെയോ അരുൺ ബാബുവിനേയോ മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്. ചവറയിൽ അന്തരിച്ച എംഎൽഎ വിജയൻ പിള്ളയുടെ മകൻ സജിത്തിനേയും ഇരവിപുരത്ത് എം നൗഷാദ് എംഎൽഎയേയും സ്ഥാനാർത്ഥിയാക്കാൻ ധാരണയായി. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ തുടക്കത്തിലെ ഉയർന്ന കല്ലുകടി ഇടതുമുന്നണിയെ പിടിച്ചുലക്കുകയാണ്.