ഇടുക്കി: തുലാവര്‍ഷം ശക്തിപ്പെട്ടതോടെ ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. മഴയെ തുടര്‍ന്ന് നെടുങ്കണ്ടം, കട്ടപ്പന മേഖലയിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ടൗണുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.
കുമളിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. പ്രദേശത്തെ 42 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നെടുങ്കണ്ടം-തൂക്കുപാലം മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന കാറും സ്കൂട്ടറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ ജലനിരപ്പ് 137.8 അടി പിന്നിട്ടതോടെ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
രാവിലെ 8.00 മണിയോടെ ഷട്ടറുകള്‍ തുറന്ന് പരമാവധി 5,000 ക്യുസെക്സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കിവിടും. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്ന ഡൈവേര്ഷന് അണക്കെട്ടായ കല്ലാര്‍ ഡാമില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. ജലനിരപ്പ് 824.5 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് നടപടി. ഡാമിന്റെ നാല് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 160 ക്യൂമെക്സ് ജലമാണ് ഇപ്പോള്‍ ഒഴുക്കിവിടുന്നത്.