കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍് 250 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 400-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11:47-നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.
ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ (NCS) റിപ്പോര്‍ട്ട് പ്രകാരം, അഫ്ഗാനിസ്ഥാന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ 160 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കുനാര്‍ പ്രവിശ്യയിലെ മൂന്ന് ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. പ്രാഥമിക വിവരമനുസരിച്ച് ഒരു ഗ്രാമത്തില്‍ മാത്രം 30 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആദ്യ ഭൂകമ്പത്തിന് പിന്നാലെ 4.7, 4.3, 5.0, 5.0 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായി. ഭൂകമ്പത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലും ഡല്‍ഹി ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ജനങ്ങള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്കോടി.
അഫ്ഗാനിസ്ഥാന്‍ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍, യൂറേഷ്യന്‍ ഫലകങ്ങളുടെ കൂട്ടിയിടി കാരണം ഈ മേഖലയില്‍ ഭൂകമ്പങ്ങള്‍ സാധാരണമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 4,000-ത്തോളം പേര്‍ മരിച്ചതായി എ.പി. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.