പാർട്ടിക്കാർ വിളിച്ചാലും ഫോണെടുക്കില്ല; പത്തനംതിട്ട ഏരിയാ കമ്മിറ്റിയില്‍ വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം

Jaihind Webdesk
Sunday, November 28, 2021

 

പത്തനംതിട്ട : സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനം. സത്യപ്രതിജ്ഞ മുതല്‍ ഫോണ്‍ എടുക്കില്ല എന്നതുവരെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിനിധികള്‍ വിമർശനം ഉന്നയിച്ചത്.

വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തത് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ വിമർശനം. മന്ത്രിയെ വിളിച്ചാല്‍ ഫോണില്‍ കിട്ടാറില്ലെന്നായിരുന്നു അടുത്ത വിമർശനം. അത്യാവശ്യ കാര്യങ്ങള്‍ക്ക് വിളിച്ചാല്‍ പോലും മന്ത്രി ഫോണ്‍ എടുക്കില്ലെന്ന് മിക്ക പ്രതിനിധികളും വിമർശിച്ചു. പാർട്ടി പ്രവർത്തകർക്കിടയില്‍ ഇത് വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും പാർട്ടി വോട്ടുകള്‍ ചോരാന്‍ ഇടയാക്കിയെന്നും വിമർശനമുയർന്നു.

നേരത്തെ കായംകുളം എംഎല്‍എ യു പ്രതിഭയും മന്ത്രിക്കെതിരെ പരോക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു. ചില മന്ത്രിമാർ വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന പ്രതിഭയുടെ വിമർശനം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.