സിപിഐ സമ്മേളനത്തില്‍ കാനത്തിന് വിമർശനം; 42 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്‍റെ മുഖമല്ലെന്നും പ്രതിനിധികള്‍

Jaihind Webdesk
Saturday, July 23, 2022

Kanam Rajendran Pinarayi Vijayan

 

തിരുവനന്തപുരം: സിപിഐ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷ വിമർശനം. ആനി രാജക്കെതിരായ എം.എം മണിയുടെ പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം.  മുതിർന്ന സിപിഐ നേതാവ് ആനി രാജയെ സിപിഎം നേതാവ് എം.എം മണി വിമർശിച്ചപ്പോൾ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഐ യോഗത്തില്‍ വിമർശനമുയർന്നു.

പല പ്രശ്നങ്ങളിലും ഇടപെടല്‍ നടത്താന്‍ സിപിഐക്ക് കഴിയുന്നില്ല. സിൽവർലൈൻ പോലെ ഗുരുതര പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്ന പദ്ധതികളില്‍ പോലും സിപിഐക്ക് നിലപാടെടുക്കാന്‍ കഴിയുന്നില്ല.  കെഎസ്ഇബിയെയും കെഎസ്ആർടിസിയെയും സർക്കാർ തകർക്കുകയാണെന്നും വിമർശനം ഉണ്ടായി.

കൃഷി മന്ത്രി പി പ്രസാദിനും വകുപ്പിനും വിമര്‍ശനമുണ്ട്. നാട്ടില്‍ വിലക്കയറ്റം അതിരൂക്ഷമാകുമ്പോള്‍ നോക്കുകുത്തിയായി വകുപ്പ് മാറുന്നു. പച്ചക്കറി വില കൂടുമ്പോള്‍ വില കുറച്ച് നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ ഓരോ ദിവസവും പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഐ സമ്മേളനത്തില്‍ വിമർശനമുയർന്നു. ജനങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒറ്റപ്പെട്ടു. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്‍റെ മുഖമല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. സിപിഐയുടെ വകുപ്പുകൾ സിപിഎം ഹൈജാക്ക്‌ ചെയ്യുന്നതായും സിപിഐ സമ്മേളനത്തില്‍ വിമർശനമുയർന്നു.