ശക്തമായ ഭരണവിരുദ്ധ വികാരവും പുതുപ്പള്ളിയില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയാകും; ഏറ്റവും മോശം ഭരണമെന്ന് സർവേ ഫലം

Jaihind Webdesk
Thursday, August 24, 2023

 

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പിണറായി സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് വ്യക്തമാക്കി ഓണ്‍ലൈന്‍ സര്‍വേ ഫലം. സംസ്ഥാന സർക്കാരിന്‍റേത് ഏറ്റവും മോശം ഭരണമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത  ഭൂരിപക്ഷം പേരുടെയും പ്രതികരണം. മണ്ഡലത്തിലെ 600 പേരെ പങ്കെടുപ്പിച്ച് ‘സത്യം ഓണ്‍ലൈന്‍’ നടത്തിയ സര്‍വേയിലാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലെ സഹതാപതരംഗത്തിനൊപ്പം ശക്തമായ ഭരണവിരുദ്ധവികാരവും ഇടതുമുന്നണിക്ക് പുതുപ്പള്ളി ബാലികേറാമലയാകുമെന്ന് വ്യക്തമാക്കുന്നത്.

മണ്ഡലത്തില്‍ 600 പേരെ പങ്കെടുപ്പിച്ച് നടത്തിയ  സര്‍വേയില്‍ 67 ശതമാനം പേരും സർക്കാരിനെതിരെ അഭിപ്രായം രേഖപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനവും സംസ്ഥാന ഭരണത്തെ വളരെ മോശം എന്നു വിലയിരുത്തി. 12 ശതമാനം പേർ ഭരണം ‘തൃപ്തികരമല്ല’ എന്നും വ്യക്തമാക്കി. പിണറായി ഭരണത്തെ ‘ഏറ്റവും മികച്ചത്’ എന്നു വിശേഷിപ്പിച്ചത് കേവലം 9 ശതമാനം മാത്രം. മികച്ചതെന്ന് 17 ശതമാനം പേരും ‘ശരാശരി’ എന്ന് 7 ശതമാനം പേരും വിലയിരുത്തി. പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ഏതു രീതിയില്‍ നേരിട്ടാലും ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സര്‍വേഫലവും സൂചിപ്പിക്കുന്നത്.

അതേസമയം പൂർണ്ണസമയവും വിനിയോഗിച്ചുള്ള പ്രചാരണവുമായി യുഡിഎഫ് പുതുപ്പള്ളിയില്‍ ബഹുദൂരം മുന്നിലാണ്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആവേശത്തിലാണ്. ചാണ്ടി ഉമ്മനെ റെക്കോർഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനായുള്ള പ്രവർത്തനങ്ങളുമായാണ് യുഡിഎഫ് ക്യാമ്പ് മുന്നോട്ടുപോകുന്നത്.