സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം;തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമെന്ന് വി.ഡി.സതീശന്‍

Jaihind News Bureau
Tuesday, February 25, 2025

Translator

 

Translator

തിരുവനന്തപുരം: സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പത്തില്‍ നിന്നും 12 ലേക്ക് യു.ഡി.എഫിന്റെ സീറ്റ് വര്‍ധിച്ചു. യു.ഡി.എഫിന് രണ്ട് സീറ്റ് വര്‍ധിച്ചപ്പോള്‍ എല്‍.ഡി.എഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ് വെറും മൂന്ന് വോട്ടിനാണ് യു.ഡി.എഫിന് നഷ്ടമായത്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാര്‍ഡില്‍ ഏഴ് വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലെ കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡ് 397 വോട്ടിന് യു.ഡി.എഫ് വിജയിച്ചു.

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ട്.

അതെസമയം തുടര്‍ച്ചയായ വിജയങ്ങള്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും. യു.ഡി.എഫ് വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്തവര്‍ക്കും വോട്ടര്‍മാര്‍ക്കും അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ ഹൃദയാഭിവാദ്യം അറിയിച്ചു.