ആകാശപാതക്കെതിരായ പരാമർശം; കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഉപവാസ സമരം

Jaihind Webdesk
Saturday, July 6, 2024

 

കോട്ടയം: കോട്ടയത്തെ ആകാശപാതയെക്കുറിച്ച് മന്ത്രി ഗണേഷ് കുമാർ നടത്തിയ പരാമർശത്തിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ നടത്തുന്ന ഉപവാസ സമരം കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആകാശപ്പാത പൊളിച്ചു നീക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇന്ന് രാവിലെ 9 മണി മുതൽ ആരംഭിച്ച ഉപവാസ സമരം വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും.

ബജറ്റിൽ പണം ഉൾപ്പെടുത്തിയ ആകാശപ്പാത പദ്ധതി പോലും പൊളിച്ചു കളയണമെന്നാണ് മന്ത്രി പറയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് എങ്ങനെ പൊളിക്കാനാണ്, കോട്ടയത്തെ ജനങ്ങളുടെ അഭിമാന പദ്ധതിയാണ് ഈ ആകാശപാത പദ്ധതി എന്ന് രമേശ് ചെന്നിതല ചൂണ്ടികാട്ടി. ആകാശപ്പാത പൊളിച്ചു നീക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറത്തു.

ആകാശപാത പദ്ധതി രാഷ്ട്രീയ പ്രേരിതമായി തടസപ്പെടുത്തിയത് കൊണ്ടാണ് കഴിഞ്ഞ 8 വർഷമായി പൂർത്തിയാകാതെ ഇരിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തൃശൂരും കൊല്ലത്തും എൽഡിഎഫ് എംഎൽഎമാരായതിനാൽ അവിടുത്തെ ആകാശപാത പദ്ധതി പണി പൂർത്തിയായി പ്രവർത്തനമാരംഭിച്ചു. ഒന്നര വർഷത്തിനുള്ളിൽ കോട്ടയത്തെ ആകാശപാതയുടെ പണി പൂർത്തിയായില്ലെങ്കിൽ ആണുങ്ങൾ വന്ന് ആകാശപ്പാത പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം “നമ്മളെല്ലാവരും” ഇനി ഒന്നര വർഷം മാത്രം കാത്തിരുന്നാൽ മതി ഈ സർക്കാർ വീഴുമെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആകാശപാതയുടെ താഴെ ഉപവാസ സമരം അനുഷ്ഠിക്കുന്നത്. എംഎൽഎമാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ്, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, വിവിധ കെപിസിസി – ഡിസിസി അംഗങ്ങളും, മഹിള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുത്തു.