ജേണലിസം വിദ്യാർത്ഥികള്‍ക്ക് പഠന സൗകര്യമില്ല : പഠനത്തിനെത്തിയവർ സമരത്തില്‍

Jaihind Webdesk
Thursday, June 2, 2022

തിരുവനന്തപുരം  പ്രസ് ക്ലബില്‍  ജേണലിസം പഠിക്കുന്ന വിദ്യാർഥികൾക്ക് ഇരിക്കാൻ ഇരിപ്പിടമില്ല, പഠിക്കാനുള്ളത് ഒരു കമ്പ്യൂട്ടർ. വിദ്യാർഥികൾക്ക് പല ആനുകാലിക പ്രസിദ്ധീകരണങ്ങളും ഒരു വര്‍ഷത്തിലേറെയായി ലൈബ്രറിയില്‍ ലഭ്യമല്ല. . പ്രസ് ക്ലബ്ബിലെ 40 വിദ്യാര്‍ത്ഥികളുടെ പഠനം ഈ ഒരു കമ്പ്യൂട്ടറിനെയും രണ്ട് ക്യാമറകളെയും മാത്രം കേന്ദ്രീകരിച്ചാണ്. പ്രസ് ക്ലബിന് താഴെയുള്ള ക്ലാസില്‍നിന്ന്‌ മുകളിലത്തെ നിലയിലുള്ള ഓഡിറ്റോറിയത്തിലേക്ക് മാറ്റിയപ്പോള്‍ മുതലുള്ള ദുരിതത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സമരമുഖത്തിലാണ്.

രണ്ട് ബാച്ചുകളിലായി നടന്നിരുന്ന ക്ലാസുകള്‍ ഒരൊറ്റ ബാച്ചാക്കി അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഫെബ്രുവരിയില്‍ ചുട്ടുപൊളളുന്ന വെയിലില്‍ അലുമിനിയം ഷീറ്റിന് കീഴില്‍ ക്ലാസിലിരിക്കാനുള്ള ബുദ്ധിമുട്ട് ആദ്യമേ ജേണലിസം വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാനേജ്‌മെന്‍റ് കണ്ണടച്ചതോടെ പ്രതിഷേധം കനക്കുകയായിരുന്നു.

പി.ജി ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സിന്‍റെ മാത്രമല്ല, ഫോട്ടോ ജേണലിസം കോഴ്‌സുകള്‍ക്ക് പോലും അടിസ്ഥാന സൗകര്യമില്ലാത്ത സ്ഥാപനമാണിതെന്ന് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നു. കേരളത്തിലെ ഏറ്റവും നല്ല ജേണലിസം സ്‌കൂളായി തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ മാറ്റിയെടുക്കുമെന്ന് പറഞ്ഞു വന്ന ഭരണ സമിതിയുടെ ശരിക്കുള്ള ചൂട് വിദ്യാര്‍ത്ഥികളറിഞ്ഞത് ഏഴ് മാസമാണ്‌.

വിദ്യാര്‍ത്ഥികളുടെ ദുരിതം മനസിലാക്കി ഒപ്പം നിന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഏറെ മാസങ്ങളായുള്ള വേതനം ബാക്കിയാണ്. ഓണറേറിയം പോലെയുള്ള ആനുകൂല്യങ്ങള്‍ ഇപ്പോഴും കുടിശ്ശികയായി തുടരുന്നു. രണ്ട് ബാച്ചുകളിലായി മുമ്പ് നടന്ന ക്ലാസുകളില്‍ ഇതുവരെ അറ്റന്‍ഡ്‌സ് പോലും രേഖപ്പെടുത്തിയിട്ടില്ല. മാര്‍ക്കര്‍ പെന്‍ പോലെയുള്ളവയ്ക്ക് അഡ്മിഷന്‍ സമയത്ത് തുക ഈടാക്കിയിരുന്നെങ്കിലും ഇത്തരം വസ്തുക്കള്‍ ക്ലാസില്‍ നിന്ന് അന്യം നിന്നിട്ട് കാലം കുറെയായി. കുടിവെള്ളം പോലുമില്ലാതിരുന്ന സമയങ്ങള്‍ പോലുമുണ്ടായിരുന്നുവെന്ന് പറയുന്നു ജേണലിസം വിദ്യാര്‍ത്ഥിയായ ഷാഹിന്‍ മുഹമ്മദ്. അടുത്തിടെ പ്രതിഷേധത്തെതുടർന്നാണ് അതിനൊരു പരിഹാരമായത്.

നവമാധ്യമ കാലത്തും ലൈബ്രറിയില്‍ പോലുമുള്ളത് പ്രവര്‍ത്തന രഹിതമായ 12-ഓളം കമ്പ്യൂട്ടറുകളാണ്. വിവിധ സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടർ പോലെയുള്ള സംവിധാനങ്ങളുണ്ടാകില്ല. അതിനാൽ തന്നെ പ്രാക്ടിക്കൽ വർക്കിന്‍റെ ഭാഗമായി ന്യൂസ് സ്റ്റോറികള്‍ ടൈപ്പ് ചെയ്യാനും മറ്റും കുട്ടികൾക്ക് കഴിയുന്നില്ല. പല ആനുകാലിക പ്രസിദ്ധീകരണങ്ങളും ഒരു വര്‍ഷത്തിലേറെയായി ലൈബ്രറിയില്‍ ലഭ്യമല്ല. ഇതിന് ഉള്‍പ്പെടെയുള്ള തുക ഫീസ് കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കായി ഇവിടെ നിന്ന് തുക വിനിയോഗിക്കുന്നുണ്ടെന്നാണ്‌ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ പക്ഷം.

ക്ലീനിംഗ് സ്റ്റാഫ് പോവുകയാണെന്ന് മാസങ്ങള്‍ക്ക് മുമ്പേ മുന്‍കൂട്ടി അറിയിച്ചിട്ടും പുതിയ ക്ലീനിംഗ് സ്റ്റാഫിനെ നിയമിച്ചിട്ടില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. അതിനാല്‍ ബാത്ത്‌റൂം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തങ്ങളുടെ നേതൃത്വത്തില്‍ പ്രസ് ക്ലബ്ബിന്റെ മാനേജിംഗ് കമ്മിറ്റിയും സ്‌കൂള്‍ ഓഫ് ജേണലിസത്തിന്‍റെ സ്റ്റാഫ് കമ്മിറ്റിയും ചേര്‍ന്നൊരു ചര്‍ച്ചയാണ് നിലവില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.