ദുബായില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം : 30 പേര്‍ വരെയാകാം ; നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപ പിഴ ; വിരുന്നില്‍ പങ്കെടുത്താല്‍ 3 ലക്ഷം രൂപ പിഴ

Jaihind News Bureau
Sunday, December 27, 2020

 

ദുബായ് : കൊവിഡ് പശ്ചാത്തലത്തില്‍ ദുബായില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതനുസരിച്ച്, ഇനി സ്വകാര്യ -കുടുംബ ഒത്തുചേരലുകളിലും, പൊതു ആഘോഷങ്ങളിലും 30 പേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. അതേസമയം, നിയമം ലംഘിച്ചാല്‍ പത്തു ലക്ഷത്തോളം രൂപ ( 50,000 ദിര്‍ഹം ) പിഴ ചുമത്തും.

ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആണ് പുതുവര്‍ഷത്തിനായി പുതിയ നിബന്ധനകള്‍ പുറത്തിറക്കിയത്. ഇതനുസരിച്ച്, പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ക്ക്, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വകാര്യ -കുടുംബ ഒത്തുചേരലുകളിലും, പൊതു ആഘോഷങ്ങളിലും 30 പേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കരുത്. ചുമയോ പനിയോ മറ്റ് എന്തെങ്കിലും രോഗലക്ഷണങ്ങളോ ഉള്ളവര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിബന്ധനകളില്‍ പറയുന്നു.

നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തും. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹവും, ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് 15,000 ദിര്‍ഹവുമാണ് പിഴ. സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ട് വേണം പരിപാടികളില്‍ പങ്കെടുക്കാന്‍. ഒരാള്‍ക്ക് നാല് ചതുരശ്ര മീറ്റര്‍ സ്ഥലം എന്ന നിബന്ധന പാലിക്കണം. കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍ നടത്തുമെന്ന് കമ്മറ്റി അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും, പിഴ ലഭിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.