കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം അതിവേഗം പടരുന്നു; മുൻകരുതൽ നടപടികൾ കർശനമാക്കി ലോക രാജ്യങ്ങള്‍

Jaihind News Bureau
Monday, December 21, 2020

ബ്രിട്ടനിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾ മുൻകരുതൽ നടപടികൾ കർശനമാക്കി. വൈറസ് നിയന്ത്രണാതീതമാണ് എന്ന മുന്നറിയിപ്പിനു പിന്നാലെയാണ് യുകെയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കാനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. വൈറസ് വ്യാപനം കണക്കിലെടുത്ത് സൗദി ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചു.

രാജ്യത്ത് അതിവേഗം പടരുന്ന കൊറോണ വൈറസുണ്ടെന്നു കഴിഞ്ഞ ദിവസമാണു ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ വൈറസ് മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

സമാനസ്വഭാവമുള്ള വൈറസിന്‍റെ സാന്നിധ്യം മറ്റ് രാജ്യങ്ങളിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

മുൻകരുതൽ നടപടിയെന്നോണം അയൽരാജ്യങ്ങൾ കടൽമാർഗവും കരമാർഗവും രാജ്യത്തേക്ക് യാത്രക്കാരുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്.  ബ്രിട്ടനിൽനിന്നുള്ള വിമാന, ട്രെയിൻ സർവീസുകൾ അർധരാത്രി മുതൽ നിർത്തിവയ്ക്കുമെന്ന് അയൽരാജ്യമായ ബെൽജിയം അറിയിച്ചു. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനുവരി ഒന്നുവരെ ബ്രിട്ടനിൽ നിന്നുള്ള വിമാനയാത്രയ്ക്ക് നെതർലൻഡ്‌സ് വിലക്കേർപ്പെടുത്തി. സമാന വൈറസിന്റെ സാന്നിധ്യം രാജ്യത്തും ചിലരിൽ കണ്ടെത്തിയതോടെയാണ് നെതർലൻഡ്‌സിന്റെ നടപടി. വൈറസിന്റെ അപകടനില കൈകാര്യം ചെയ്യുന്നതിൽ യൂറോപ്യൻ യൂണിയനോട് ചേർന്നുപ്രവർത്തിക്കുമെന്നും ഡച്ച് സർക്കാർ അറിയിച്ചു. നെതർലാൻഡ്‌സിലും ജർമനിയിലും ജനുവരി ഒന്നുവരെ പുതിയ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇറ്റലി, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന. സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ കണക്കിലെടുത്ത് ആവശ്യമെങ്കിൽ യാത്രാനിരോധനം തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളും അറിയിച്ചു.

ദശലക്ഷം ആളുകളാ ക്രിസ്മസ് ആഘോഷിക്കാൻ പദ്ധതിയിടുന്നത്. യുകെയിൽ ആക്ഷോഷങ്ങൾ എല്ലാം റദ്ദാക്കി എല്ലാവരും വീട്ടിൽത്തന്നെ തുടരണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദ്യവൈറസിനെക്കാൾ 70 ശതമാനമധികം വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് പുതിയ വൈറസ് എന്നാണ് കണ്ടെത്തൽ. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ഓസ്ട്രേലിയയിലും ഡെൻമാർക്കിലും ഇറ്റലിയിലും നെതർലാൻഡ്സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ഇതോടെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ബ്രിട്ടനുമായി ചർച്ചചെയ്തുവരുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതികരിച്ചു.