പെരിന്തല്‍മണ്ണയില്‍ വിസ്ഡം സ്റ്റുഡന്‍സ് കോണ്‍ഫറസ് ലഹരിക്കെതിരെ സംഘടിപ്പിച്ച സമ്മേളനം പൊലീസ് ഇടപെട്ട് അലങ്കോലപ്പെടുത്തിയ സംഭവം ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സമാപന പ്രസംഗം നടക്കുന്നതിനിടയിലാണ് പൊലീസെത്തി പ്രശ്നങ്ങളുണ്ടാക്കിയത്. ലഹരി വ്യാപനത്തിനെതിരെ സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമിട്ട് നടത്തിയ പരിപാടി അലങ്കോലപ്പെടുത്തിയതിലൂടെ ലഹരി വിഷയത്തില്‍ സര്‍ക്കാരും പൊലീസും എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ലഹരിക്കെതിരെ ആര് പ്രചരണം നടത്തിയാലും അതിനെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് ഒരു ആത്മാര്‍ത്ഥതയും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് പെരിന്തല്‍മണ്ണയിലെ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല. പരിപാടി അലങ്കോലപ്പെടുത്തിയതിനെ സംബന്ധിച്ച് അടിയന്തിര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.