Stray Dog Attack| പുളിങ്കുന്നില്‍ തെരുവ് നായയുടെ ആക്രമണം: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്, നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Jaihind News Bureau
Tuesday, August 19, 2025

കായല്‍പ്പുറം: പുളിങ്കുന്ന് പഞ്ചായത്തിലെ കായല്‍പ്പുറത്ത് നിരവധി പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ആക്രമണത്തില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. രാവിലെ മുതല്‍ ഉച്ചവരെ ഗ്രാമത്തെ ഭീതിയിലാഴ്ത്തിയാണ് നായയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ കോട്ടയം താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

പുളിങ്കുന്നിലെ 11-ാം വാര്‍ഡ് നിവാസിയായ ഉടമയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നായയാണ് വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിച്ചത്. കായല്‍പ്പുറം സെന്റ് ജോസഫ് സ്‌കൂള്‍, അമലോത്ഭവം എല്‍.പി.എസ് സ്‌കൂള്‍, സെന്റ് ജോസഫ് എച്ച്.എസ്.എസ് പുളിങ്കുന്ന് എന്നിവിടങ്ങളിലെ നാല് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വഴിയാത്രക്കാര്‍ക്കും നായയുടെ കടിയേറ്റു. നിരവധി വളര്‍ത്തുനായ്ക്കള്‍ക്കും കടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഏറെ നേരം ഭീതി പരത്തിയ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവല്ലയിലെ മഞ്ഞാടിയിലുള്ള ലാബില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തോടെ പ്രദേശത്ത് ആശങ്ക പടര്‍ന്നിരിക്കുകയാണ്.