അടൂരിൽ തെരുവുനായയുടെ ആക്രമണം; കടിയേറ്റ് ഏഴ് പേർക്ക് പരുക്ക്

Jaihind Webdesk
Friday, July 5, 2024

 

പത്തനംതിട്ട: അടൂരിൽ തെരുവുനായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരുക്കേറ്റു. മന്ത്രിയുടെ ഡ്രൈവറടക്കം നിരവധി പേർക്കാണ് പരുക്കേറ്റത്. അടൂർ പന്നിവിഴ സ്വദേശിനി അനുജ(43), കോട്ടപ്പുറം സ്വദേശി ശ്യാം(36), വിദ്യാർത്ഥിയും ചായലോട് സ്വദേശിയുമായ ആൽവിൻ(11), ആനന്ദപ്പള്ളി സ്വദേശി ഗോപാലൻ(75), അടൂർ സ്വദേശി ജോർജ്കുട്ടി(70), കൃഷി മന്ത്രി പി. പ്രസാദിന്‍റെ ഡ്രൈവർ അടൂർ മേലൂട് സ്വദേശി ശശി(54), ഭാര്യാമാതാവ് ഭാരതി(64) എന്നിവരെയാണ് നായ കടിച്ചത്. ശശിയുടെ നാക്കിലാണ് കടിച്ചത്. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ കൈയ്യിലും കാലിലുമാണ് കടിച്ചത്.

ക്ലാസ് കഴിഞ്ഞ് വരും വഴി കെഎസ്ആർടിസി ബസ്റ്റാന്‍റിൽ ബസിറങ്ങിയ വിദ്യാർത്ഥിയായ ആൽവിനെയാണ് നായ ആദ്യം കടിച്ചത്. പിന്നീട് ബസ് സ്റ്റാറ്റിനുസമീപം വ്യാപാരം നടത്തുന്ന അനുജയെ കടിച്ചു. തുടർന്ന് കടയിൽ നിന്ന അമ്മയേയും മകളേയും നായ കടിക്കാൻ ശ്രമിച്ചു. ഇവർ ബഹളം വച്ചതോടെ നായ ഓടി രക്ഷപ്പെട്ടു. തുടർന്ന് അടൂർ ഗവ. ആശുപത്രിയ്ക്കു സമീപം വച്ച് ഭാരതിയെ നായ കടിച്ചു. ഇവരുടെ മൂക്കിനാണ് കടിയേറ്റത്. ഭാരതിയെ കടിക്കുന്നതു കണ്ട കൃഷിമന്ത്രിയുടെ ഡ്രൈവർ ശശി ഒരു ബാഗു വച്ച് തെരുവുനായയെ നേരിടുന്ന സമയത്ത് നായ കുതിച്ചു ചാടി ശശിയുടെ നാക്കിൽ കടിക്കുകയായിരുന്നു. നായ പിന്നീട് ഓടിപ്പോയി. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.