വൈറ്റ് ഹൗസ് : കഠിനപരിശ്രമങ്ങളുടെ വെണ്ണക്കൽകൊട്ടാരം..

പതിനാറാം വയസ്സിന്റെ ഇളം തണുപ്പിൽ കടൽ കടന്നെത്തുക, മരുഭൂമി മണലിന്റെ അസഹ്യമായ കാലാവസ്ഥകളിലും ദിനരാത്രങ്ങളെന്നില്ലാതെ കഠിനമായി ജോലികൾ ചെയ്യുക, ഇരുപത്തിയാറാം വയസ്സിനുള്ളിൽ ആരെയും കൊതിപ്പിക്കുന്ന വമ്പൻ ബിസിനസ്സ് സാമ്രാജ്യത്തിനുടമയായിത്തീരുക, തിരികെ വന്നു ചെറുപ്പത്തിൽ പഠിച്ചു വളർന്ന വിദ്യാലയം വിലക്ക് വാങ്ങുക , പിറന്ന നാടിന് അഭിമാനമാകുന്ന പൊന്നും താരമാവുക. ഏതൊരാളും ആഗ്രഹിച്ചുപോകുന്ന സ്വപ്നം മാത്രമാണിതെന്ന് കരുതിയോ? എങ്കിൽ തെറ്റി.
തൃശ്ശൂർ സ്വദേശിയായ റജീബ്റഹ്മാന്റെ കഥയാണിത്. ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പാണ് റജീബ് റഹ്മാൻ ഷാർജയുടെ മണ്ണിലേക്ക് ചേക്കേറുന്നത് . ആദ്യമൊക്കെ ക്യാഷ്യർ ആയും റസ്റ്റോറൻറ് ബോയ് ആയും വർക്ക് ചെയ്തിരുന്ന റജീബ് പതിയെ uae യെ പഠിക്കുകയും വമ്പന്മാർ മാത്രം കൈപ്പിടിയിൽ ആക്കിയിരുന്ന റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും എജുക്കേഷൻ രംഗത്തേക്കും പടിപടിയായി കടന്നുവരികയുമായിരുന്നു . കഠിന പരിശ്രമം നടത്തിയാൽ തനിക്ക് കാൽക്കീഴിലാക്കാൻ കഴിയാത്ത ഒന്നുമില്ലെന്നും പരിശ്രമം എന്നതല്ലാതെ മറ്റൊരു കുറുക്കുവഴിയും അതിനില്ലെന്നും ചുറ്റുമുള്ളവരെ പഠിപ്പിക്കുകയാണ് റജീബ് റഹ്മാൻ. ജോലി കഴിഞ്ഞു ഏവരും വിശ്രമ സ്ഥലത്തേക്ക് തിരിക്കുമ്പോൾ വരുംനാളുകളിൽ തനിക്ക് ചെയ്തുതീർക്കേണ്ട വലിയ കാര്യങ്ങളെ ദിവാ സ്വപ്നങ്ങൾ ആയി കൊണ്ടുനടന്ന് പരിശ്രമങ്ങളുടെ മരുഭൂമി താണ്ടി കടക്കുകയായിരുന്നു ഈ യുവാവ്. കഫെറ്റീരിയയിൽ എത്തുന്ന ഓരോ വ്യക്തിത്വങ്ങളോടും പ്രത്യേകം ഉപദേശങ്ങൾ തേടുകയും ഏവരും ആയി സ്നേഹ ബന്ധം പുലർത്തുകയും പതിയെ പതിയെ വലിയൊരു കമ്മ്യൂണിറ്റിയെ തനിക്ക് ചുറ്റുമായി വാർത്തെടുക്കുകയും റിയൽ എസ്റ്റേറ്റ് രംഗത്ത് കടന്നു ശ്രദ്ധേയമായ മുന്നേറ്റം നടത്തി വൈറ്റ് ഹൗസ് എന്ന വലിയ സാമ്രാജ്യം പടുത്തുയർത്തുകയും ചെയ്തതിൽ തുടങ്ങി അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് റജീബ് ഇതിനോടകം കൈവരിച്ചത്.. ഷാർജയുടെ പല ഭാഗങ്ങളിലായി പടർന്നു കിടക്കുന്ന റജീബിന്റെ വൈറ്റ് ഹൗസ് ബിസിനസ് ശൃംഖല ഇതിനോടകം ദുബൈയിലേക്കും വ്യാപിപ്പിച്ചു കഴിഞ്ഞു.
ഹമദ് അബ്ദുറഹ്മാൻ അൽജിര്രി എന്ന പേരിലാണ് ഇനി റജീബ് അറിയപ്പെടുക.

ചെറിയ ക്ലാസിൽ പഠിക്കുന്നതിനിടെ ക്ലാസിലിരുന്നുറങ്ങിയപ്പോൾ ടീച്ചറിൽ നിന്നുണ്ടായ നാണക്കേടിൽ നിന്നാണ് വളർന്നു വലുതായി ആ വിദ്യാലയം തന്നെ വിലകൊടുത്തു വാങ്ങുന്നതിലേക്ക് ഈ യുവാവിനെ എത്തിച്ചത്. ബഹുമാനത്തോടെ തന്നെയുള്ള ഒരു മധുര മറുപടിയായിരുന്നു റജീബിനിത്. ഇന്ന് തൃശൂരിലെ ഐജി ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈറ്റ് ഹൗസ് എഡ്യുക്കേഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

തനിക്ക് മുന്നിലെ വരണ്ട ഭൂവുകളെ തളിരിലകൾ വിളയുന്ന വിളനിലമാക്കി മാറ്റിയതിന് പിന്നിൽ ഒട്ടേറെ കഥകൾ ഇദ്ധേഹത്തിന് പറയാനുണ്ട്. ആത്മവിശ്വാസം നൽകാനുള്ള കുറേ കഥകൾ നിരത്തുക എന്നതല്ല, തന്റെ ജീവിതം ഈ ശ്രമങ്ങളിലൂടെ എങ്ങനെയാണ് പാകപ്പെടുത്തിയതെന്ന് തുറന്ന് കാണിക്കുകയാണ് ഹമദ് അബ്ദുറഹ്മാൻ എന്ന റജീബ് റഹ്മാൻ . ഏറെ ശ്രമകരമായ ഓരോ ദൗത്യങ്ങളെയും കഠിനമായ പാതകളെയും എങ്ങനെയാണ് മറികടന്നതെന്ന് ഈ യുവാവിന്റെ വിയർപ്പിന്റെ ഉപ്പുകലർന്ന കഥകൾക്ക് പറയുവാനുണ്ട്. ഷാർജയിലെത്തിച്ചേർന്ന നാളുകളിൽ ആ സമൂഹത്തോടൊട്ടിച്ചേർന്ന് അവരിലൊരാളായിത്തീരുകയായിരുന്നു അതിലൊന്ന്. കുറഞ്ഞ നാളുകൾക്കകം സംസാരം കൊണ്ടും വേഷ വിതാനങ്ങൾക്കൊണ്ടും അവരിലൊരാളായി മാറിയ റജീബ് ഓരോ നിമിഷവും ചുറ്റുമുള്ളവരെ പഠിക്കാനും അവരിൽ നിന്ന് പാഠമുൾക്കൊള്ളാനും അതിലൂടെ പുതിയ പാഠങ്ങൾ രചിക്കാനും ഈ സമയത്തെ ചിലവഴിച്ചതിലൂടെയാണ് ഈ കുറഞ്ഞ പത്തു വർഷക്കാലം കൊണ്ട് തന്റെ ഇരുപത്തി ആറാം വയസ്സിൽ വലിയ വിപ്ലവങ്ങൾ രചിച്ച് അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നത്.
ബുർജ് ഖലീഫയിലെ തന്റെ ഫ്ലാറ്റിലിരുന്ന് കടന്നു വന്ന വഴികളെക്കുറിച്ചും അടുത്ത പ്രൊജക്ടുകളെക്കുറിച്ചും സംസാരിക്കുമ്പോൾ ഒരു യുവാവിന്റെ ചിന്തകളും സ്വപ്നങ്ങളും എത്രയോ ഉയരെയായിരിക്കണമെന്ന് ഏതൊരാളെയും ചിന്തിപ്പിക്കുമായിരുന്നു.

ബിസിനസ് രംഗത്ത് മാത്രമായി ഒതുങ്ങി നിൽക്കാൻ ഹമദ് തയ്യാറല്ല. ഇതിനോടകം തന്റെ സഹായകരസ്പർശം ഏറ്റ കൈകൾ നിരവധിയാണ്. ഓരോ വർഷവും കാരുണ്യ കരങ്ങൾ തേടിയെത്തുന്ന ഒരു കൈകളെയും ഹമദ് വെറും കൈയൊടെ മടക്കിയയക്കാറില്ല…

നാം നിരന്തരം കേൾക്കുന്ന പ്രചോദനകഥകളിൽ നിറഞ്ഞു നിൽക്കുന്നത് നീണ്ട വർഷങ്ങൾ നീണ്ടു നിൽകൂന്ന വർത്തന ചരിത്രം കൊത്തിയ വ്യക്തികളുടെ അനുഭവങ്ങളാണെന്കിൽ റജീബിന്റെ അനുഭവങ്ങൾ കാണുന്നതോടെ യുവസമൂഹത്തിന് ഇനി വയസ്സിന്റെ ഒഴിവുകഴിവുകൾ നിരത്താനില്ലാതായിരിക്കുകയാണ്.

അടിക്കടിയുണ്ടാകുന്ന തളർച്ചകളിൽ തളരാതെ മുന്നേറിക്കൊണ്ടേയിരിക്കുക എന്നതാണ് വളർന്നുവരുന്ന തലമുറയോട് ഹമദ് അബ്ദുറഹ്മാൻ അൽ ജിര്രി എന്ന റജീബ് റഹ്മാന് കൊടുക്കാനുള്ള പാഠം.

Comments (0)
Add Comment