കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ; അമേരിക്കയില്‍ പ്രകൃതിദുരന്തങ്ങളുടെ ഘോഷയാത്ര

Jaihind Webdesk
Tuesday, January 25, 2022

 

വാഷിംഗ്ടണ്‍: ഇതുവരെയുണ്ടായിട്ടില്ലാത്തതുപോലെ ഒന്നിന് പിന്നാലെ ഒന്നായി അമേരിക്കയില്‍ പ്രകൃതി ദുരന്തങ്ങളുടെ ഘോഷയാത്ര. ഹിമപ്പേമാരിയ്ക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ കലിഫോർണിയയിൽ വമ്പൻ കാട്ടുതീയും ഉടലെടുത്തു.  കാട്ടുതീ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത പ്രദേശമാണ് കാലിഫോര്‍ണിയയിലെ ബിഗ് സർ. പ്രദേശത്ത് അടുത്തിടെ ശക്തമായ മഴ പെയ്തിട്ടും ഇത്തരമൊരു കാട്ടുതീ ഉടലെടുത്തത് അതിശയിപ്പിക്കുന്ന സംഭവമാണെന്ന് കാലാവസ്ഥാ വിദഗ്ധരും പറയുന്നു.

കലിഫോർണിയയിലെ ബിഗ് സർ മേഖലയിൽ 1500 ഏക്കറോളം വ്യാപ്തിയിലാണ് തീ ആളിപ്പടരുന്നത്. വെള്ളിയാഴ്ച്ച മുതല്‍ തുടരുന്ന കാട്ടുതീ പ്രദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രദേശത്തുള്ള ആളുകളെ അധികൃതർ ഒഴിപ്പിച്ചു.  5 ശതമാനം തീ മാത്രമാണ് ഇതുവരെ അണയ്ക്കാന്ഒ സാധിച്ചത്.  കൊളറാഡോ കാട്ടുതീ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. സാന്‍റ അന വിൻഡ്സ് എന്ന വായുപ്രതിഭാസവും കാട്ടുതീ പടരാന്‍ കാരണമാകുന്നുണ്ട്. ശക്തിയേറിയ കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാവകുപ്പിന്‍റെ പ്രവചനം ആശങ്ക കൂട്ടുന്നുണ്ട്.

മേഖലയിൽ ഉൾപ്പെട്ടെ മോണ്ടെറി കൗണ്ടിയിൽ നിന്ന് 400 ൽ അധികം ആളുകളയാണ് അധികൃതർ ഒഴിപ്പിച്ചത്. യുഎസിലെ പ്രധാന ദേശീയ പാതകളിലൊന്നായ സ്റ്റേറ്റ് ഹൈവേ വൺ തീരദേശ പട്ടണമായ കാർമലിന് സമീപം അടച്ചു. ഈ വർഷം ഇതാദ്യമായാണ് കലിഫോർണിയയിൽ കാട്ടുതീ ഉടലെടുക്കുന്നത്.

പ്രദേശത്ത് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി കൂടുതല്‍ അഗ്‌നിശമനസേനാ യൂണിറ്റുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രസിഡന്‍റ് ജോ ബൈഡന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ രണ്ട് മാസങ്ങളായി പേമാരിയും വെള്ളപ്പൊക്കവും ഹിമക്കാറ്റും മൂലം അമേരിക്കന്‍ ജനത ദുരിതത്തിലാണ്. ഇതിനു പിന്നാലെയാണിപ്പോള്‍ കാട്ടുതീയുടെ രംഗപ്രവേശം.