ലോക്‌സഭയിൽ പ്രതിഷേധക്കൊടുങ്കാറ്റ്; പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന് പ്രിയങ്കാ ഗാന്ധി എം.പി

Jaihind News Bureau
Tuesday, December 16, 2025

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎ) ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചതോടെ സഭയിൽ പ്രതിഷേധക്കൊടുങ്കാറ്റ്. പദ്ധതിയെ പൊളിച്ചെഴുതാൻ ലക്ഷ്യമിടുന്ന ബില്ലിനെതിരെ എഐസിസി ജനറൽ സെക്രട്ടറിയും എം.പിയുമായ പ്രിയങ്കാ ഗാന്ധി ശക്തമായ വിമർശനവുമായി രംഗത്തെത്തി. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. ഈ ബില്ലിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും അല്ലെങ്കിൽ അത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിശദമായ പരിശോധനയ്ക്കായി വിടണമെന്നും അവർ ആവശ്യപ്പെട്ടു.

ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി ശക്തമായ പ്രതിഷേധം ഉയർത്തുകയും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പുതിയ വ്യവസ്ഥകൾ പ്രകാരം പദ്ധതിച്ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങളുടെ ബാധ്യതയായി മാറും എന്നതടക്കമുള്ള വിഷയങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി എം.പി. ഷാഫി പറമ്പിൽ ഗാന്ധിജിയുടെ ചിത്രം ഉയർത്തി പ്രതിഷേധിച്ചത് ശ്രദ്ധേയമായി. ഗ്രാമീണ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കുന്ന ബില്ലിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭം തുടരുമെന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്.