കണ്ണൂരില്‍ റെയില്‍ പാളത്തില്‍ കല്ലുകള്‍; അട്ടിമറി ശ്രമമെന്ന് സൂചന, അന്വേഷണം

Jaihind Webdesk
Wednesday, July 20, 2022

കണ്ണൂർ: പാപ്പിനിശേരി മേൽപ്പാലത്തിന് സമീപം റെയിൽ പാളത്തിൽ കല്ല് നിരത്തിവെച്ചതായി കണ്ടെത്തി. ഇന്നലെ രാത്രിയാണ്   സംഭവം. മലബാർ എക്സ്പ്രസ് കടന്ന് പോയപ്പോൾ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് സ്റ്റേഷൻ അധികൃതരെ വിവരം അറിയിച്ചു. ഉടൻ തന്നെ ആർപിഎഫും വളപട്ടണം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാലത്തിൽ കല്ല് കണ്ടെത്തിയത്. അട്ടിമറി ശ്രമമാണോ എന്നത് അന്വേഷിക്കുന്നു.

രണ്ട് ദിവസം മുമ്പ് വളപട്ടണം പാലത്തിന് സമീപത്തും സമാനമായ രീതിയിൽ കല്ല് നിരത്തി വെച്ചിരുന്നു.ഇതുകാരണം അതുവഴി വന്ന ഗുഡ്സ് ട്രെയിൻ നിർത്തിയിടേണ്ടി വന്നു. വളപട്ടണം ഐഎസ് കേസിന്‍റെ വിധി വന്ന പശ്ചാത്തലത്തിൽ സംഭവം അതീവ ഗൗരവതരമായാണ് ആർപിഎഫും പോലീസും കണക്കാക്കുന്നത്. രാജ്യവിരുദ്ധ ശക്തികൾക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. രഹസ്യാന്വേഷണ ഏജൻസികളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് സൂചന.