ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വാറ്റ് കുറയ്ക്കാത്തതില്‍ കേരളത്തെ കുറ്റപ്പെടുത്തി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങൾ പെട്രോളിയം ഉല്പന്നങ്ങൾക്കുമേൽ അമിതമായ മൂല്യവർധിത നികുതി ചുമത്തുന്നതാണ് പെട്രോളിയം വിലവർധനവിന് കാരണമെന്ന് ഹർദീപ് സിംഗ് പുരി ലോക് സഭയിൽ പ്രസ്താവിച്ചു. കെ മുരളീധരൻ എംപിയുടെ ഉപചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറഞ്ഞിട്ടും ഇന്ത്യൻ വിപണിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില കുറയാത്തത് എന്തെന്നായിരുന്നു കെ മുരളീധരൻ എംപിയുടെ ചോദ്യം. കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചപ്പോഴും കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് കുറയ്ക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഹര്‍ദീപ് സിംഗ് പുരിയുടെ കുറ്റപ്പെടുത്തല്‍. മന്ത്രിയുടെ മറുപടി പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി.
അന്താരാഷ്ട്ര വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റവും പെട്രോളിയം വിലവർധനവിന് കാരണമാകുന്നുവെന്ന് മന്ത്രി പ്രസ്താവിച്ചു. ഇന്ത്യയുടെ പല അയൽരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയ്ക്ക് ഊർജസുരക്ഷിതത്വമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.