മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെ വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. മൂന്ന് വര്‍ഷത്തേക്കാണ് വിലക്ക്. ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നതില്‍ അസോസിയേഷനെ വിമര്‍ശിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. അതിനാലാണ് നടപടി. താരത്തിന്റെ പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമാണെന്നാണ് കെസിഎയുടെ വിലയിരുത്തല്‍. ഏപ്രില്‍ 30ന് കൊച്ചിയില്‍ ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനമായിരുന്നു എല്ലാ വിവാദങ്ങള്‍ക്കും തുടക്കമിട്ടത്. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതിനാലാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് എന്ന സൂചനകളാണ് അന്ന് കെസിഎ നല്‍കിയത്. വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിന് അവസരം നല്‍കാതിരുന്ന കെസിഎ, ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിക്കാനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ക്ക് തടസം നിന്നുവെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍.
സഞ്ജു സാംസണിന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് വിശ്വനാഥ് സാംസണ്‍, റെജി ലൂക്കോസ്, ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാനും ജനറല്‍ ബോഡിയില്‍ തീരുമാനമായതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.