സംസ്ഥാനത്തുടനീളം വ്യാപക വനം കൊള്ള : അടിമാലിയില്‍ ലക്ഷങ്ങൾ വിലമതിക്കുന്ന ഈട്ടിയും തേക്കും വെട്ടികടത്തി

Jaihind Webdesk
Sunday, June 13, 2021

ഇടുക്കി : മുട്ടില്‍ വനംകൊളള പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളം വ്യപകമായി നടക്കുന്ന മരം കടത്തല്‍ ഒന്നൊന്നായി വെളിച്ചത്തേക്ക്.  ഇടുക്കി അടിമാലി റേഞ്ച് പരിധിയിൽ നിന്ന് തേക്കും ഈട്ടി തടിയും വെട്ടികടത്തിയതായി തെളിവുകള്‍ ലഭിച്ചു. കോതമംഗലം ഫ്ലയിംഗ് സ്ക്വാഡിന്‍റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. മരംമുറി വിവാദത്തെ തുടർന്ന് രേഖകളടക്കം പരിശോധിച്ച ശേഷമാണ് പുതിയ കണ്ടെത്തലിലേക്ക് അന്വേഷണ സംഘം എത്തിയത്.

ആനവിരട്ടി, വെള്ളത്തൂവൽ വില്ലേജുകളിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക്, ഈട്ടി തടികൾ വെട്ടി കടത്തിയത് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം കിഴക്കമ്പലം അമ്പലമുകളിലെ തടി മില്ലിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ ഈട്ടി തടി അടിമാലി റേഞ്ചിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചിരുന്നു.

2020 ഒക്ടോബറിൽ റവന്യൂ സെക്രട്ടറി നൽകിയ ഉത്തരവിന്‍റെ മറവിലാണ് അടിമാലി റേഞ്ചിൽ നിന്ന് വ്യാപകമായി തേക്ക്, ഈട്ടി തടികൾ വെട്ടി കടത്തിയതെന്നാണ് വിശദീകരണം. മുറിച്ചു കടത്തിയതും മുറിച്ചിട്ടിരിക്കുന്നതുമായ മരങ്ങൾ നിന്നിരുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ച് റവന്യു അധികൃതരുടെ റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് തുടര്‍ നടപടികൾ ഉണ്ടാകും.

അതേസമയം, ഉടുമ്പൻചോല-ചിത്തിരപുരം റോഡ് നിർമാണത്തിനിടെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചുകടത്തിയതില്‍ വനംവകുപ്പ് അന്വേഷണ സംഘത്തിന് മുന്നിൽ കരാറുകാരൻ ഹാജരായില്ല. വനംവകുപ്പിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് ഉടുമ്പൻചോലയിൽ റോഡ് നിർമാണത്തിന് ഉപയോഗിച്ചിരുന്ന ടിപ്പർ ലോറിയിലാണ് മരങ്ങൾ കടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.