സംസ്ഥാന സ്കൂൾ കലോത്സവം; കൊല്ലം ഒരുങ്ങി, സ്വർണക്കപ്പുമായുള്ള ഘോഷയാത്ര കോഴിക്കോടു നിന്നും പുറപ്പെട്ടു

Tuesday, January 2, 2024

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് അണിഞ്ഞൊരുങ്ങുകയാണ് കൊല്ലം. കൊല്ലം നഗരത്തിലെ 24 വേദികളിലായാണ് 62മത് സംസ്ഥാന സ്കൂൾ കലോത്സവം ഇക്കുറി അരങ്ങേറുന്നത്. സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പുമായുള്ള ഘോഷയാത്ര കോഴിക്കോടു നിന്നും പുറപ്പെട്ടു.

കൊല്ലം ആശ്രമം മൈതാനത്താണ് പ്രധാന വേദി സജ്ജമാകുന്നത്. കൊല്ലം നഗരം ഇത് നാലാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. 2009 മുതല്‍ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം കൂടി സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായതോടെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സംസ്കൃതോത്സവവും, അറബിക് കലോത്സവവും ഇതോടനുബന്ധിച്ച് നടക്കും. പതിനാലായിരത്തോളം വിദ്യാർത്ഥികളാണ് മേളയിൽ മാറ്റുരയ്ക്കുക.

നാലാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലാമേള ഉദ്ഘാടനം ചെയ്യും. എട്ടാം തീയതി വൈകുന്നേരം പ്രതിപക്ഷനേതാവ് വി. ഡി സതീശനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. മമ്മൂട്ടി സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പുമായുള്ള ഘോഷയാത്ര കോഴിക്കോടു നിന്നും പുറപ്പെട്ടു. വിവിധ ജില്ലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സ്വർണക്കപ്പ് നാളെ വൈകുന്നേരം പ്രധാന വേദിയായ ആശ്രമം മൈതാനത്ത് കൊണ്ടുവരും. വിവാദങ്ങൾക്കൊടുവിൽ മുന്‍വര്‍ഷങ്ങളിലേത് പോലെ പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇക്കുറിയും ഭക്ഷണമൊരുക്കുന്നത് ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിൽ കൊല്ലം നഗരത്തിലെ ക്രേവൻ ഹൈസ്കൂളിലാണ് ഊട്ടുപുര ഒരുക്കിയിരിക്കുന്നത്. മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും.