സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും നാളെ പണിമുടക്കും; പണിമുടക്ക് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍

Jaihind Webdesk
Tuesday, January 23, 2024

സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും നാളെ പണിമുടക്കും.  പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.  ആറ് ഗഡു ഡിഎ അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ പണിമുടക്ക്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നാളെ ഏകദിന സൂചന പണിമുടക്ക് നടത്തുന്നത്. കുടിശിഖയുള്ള ആറ് ഗഡു ഡിഎ അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ പണിമുടക്ക്. 2019ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കാതെയും നാലുവര്‍ഷമായി ലീവ് സറണ്ടര്‍ നല്‍കാതേയും സർക്കാർ ജീവനക്കാരോടും അധ്യാപകരോടും കാട്ടുന്ന അവഗണനക്കെതിരെയുള്ള പ്രതിഷേധമുയർത്തിയാണ് പണിമുടക്ക്. സുചനാ പണിമുടക്കിൽ സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ സമര പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ പറഞ്ഞു.

സെറ്റോ, യു.ടി.ഇ.എഫ് തുടങ്ങി സംഘടനകളുടെ ഐക്യവേദിയും സംയുക്ത സമരസമിതിയുമാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചെങ്കിലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് ജീവനക്കാരും അധ്യാപകരും തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിലേയും സഹകരണ വകുപ്പിലേയും ജീവനക്കാർ ഉൾപ്പെടെ സമരത്തിൽ അണിചേരും. പണിമുടക്കുന്ന പ്രതിപക്ഷ സർവ്വീസ് സംഘടനകളും
അധ്യാപകരും തലസ്ഥാനത്ത് ഉൾപ്പെടെ വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.