‘സോളാറില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിന് തെളിവില്ല!’: വി.എസിനെ തള്ളി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍

Jaihind Webdesk
Thursday, October 10, 2019

തിരുവനന്തപുരം: സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുള്ളതായി തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍. ഇക്കാര്യത്തില്‍ വി.എസ്. അച്യുതാനന്ദന്റ നിലപാട് തള്ളിയാണ് ആഭ്യന്തര സ്‌പെഷ്യല്‍ സെക്രട്ടറി കോടതിയില്‍ മൊഴി നല്‍കിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ച ശിവരാജന്‍ കമ്മീഷന് ഇക്കാര്യം കണ്ടെത്താനായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഭ്യന്തര അഡീഷണല്‍ സെക്രട്ടറി മൊഴി നല്‍കി.

കമ്മീഷന് മുന്നില്‍ ഹാജരായ പല സാക്ഷികളും ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ ആര്‍ക്കും തന്നെ ആരോപണങ്ങളുടെ വസ്തുത തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ സാക്ഷിയായാണ് അഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി കോടതിയിലെത്തിയത്. അതേസമയം കേസില്‍ എതിര്‍കക്ഷിക്കാരനായ മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. ഇതു രണ്ടാം തവണയാണ് വിഎസ് കോടതിയില്‍ ഹാജാരാക്കാതെ ഒഴിയുന്നത്.