ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്നതില്‍ കേന്ദ്രധനമന്ത്രിയെ പ്രതിഷേധം അറിയിച്ച് സംസ്ഥാന ധനമന്ത്രിമാര്‍

ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരം കാലതാമസമില്ലാതെ ക്ലിയർ ചെയ്യണമെന്ന് എട്ട് സംസ്ഥാന സർക്കാരുകൾ ബുധനാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഡല്‍ഹി, പഞ്ചാബ്, പുതുച്ചേരി, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ധനമന്ത്രിമാരും കേരളം, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ച് ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം നേരിടുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിച്ചത്.

സംസ്ഥാന മന്ത്രിമാരുടെയും പ്രതിനിധികളുടെയും അഭിപ്രായങ്ങൾ കേട്ടതായും അവർ തനിക്ക് ഒരു മെമ്മോറാണ്ടം നൽകിയതായും നിര്‍മ്മലാ സീതാരാമൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാല്‍, ജിഎസ്ടി നഷ്ടപരിഹാരം എപ്പോൾ നൽകുമെന്ന് മന്ത്രി പറഞ്ഞിട്ടില്ല.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടില്ലെന്ന് പഞ്ചാബ് ധനമന്ത്രി മൻ‌പ്രീത് സിംഗ് ബാദൽ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല. ഇക്കാര്യം ധനമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒക്ടോബര്‍-നവംബര്‍ മാസത്തെ നഷ്ടപരിഹാരവും കുടിശ്ശികയായി. കേന്ദ്രം ഇതുനല്‍കാന്‍ ബാദ്ധ്യസ്ഥമാണ്. ഞങ്ങള്‍ക്കും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ നടത്തേണ്ടതുണ്ട്. പെന്‍ഷന്‍ നല്‍കണം.” ബാദല്‍ പറഞ്ഞു. എല്ലാ ദിവസവും ഇങ്ങനെ ഡല്‍ഹിയില്‍ വരാനാകില്ലെന്നും തങ്ങള്‍ക്ക് തന്നെ നാണക്കേട് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണം ചോദിക്കുന്നവരുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നതാണ് പ്രശ്നമെന്നും ഇതിനൊരു നിശ്ചിത തീയതിയോ സമയപരിധിയോ നൽകിയിട്ടില്ലെങ്കിലും എത്രയും വേഗം നല്‍കുമെന്ന ഉറപ്പാണ് ഇപ്പോള്‍ കേന്ദ്ര ധനമന്ത്രി നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നഷ്ടപരിഹാരം വൈകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജി.എസ്.ടി. നഷ്ടപരിഹാരമായി 28,000 കോടിരൂപയാണ് ഈ വര്‍ഷം ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കിയത്. ഇപ്പോള്‍ 40,000 കോടിയാണ് കുടിശ്ശിക.

Comments (0)
Add Comment