State Election Commission | തദ്ദേശ സ്ഥാപന വോട്ടര്‍പട്ടിക: എല്ലാ വോട്ടര്‍മാര്‍ക്കും ഇനി സവിശേഷ തിരിച്ചറിയല്‍ നമ്പര്‍

Jaihind News Bureau
Sunday, September 28, 2025

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ഒന്നിനു പിന്നാലെ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടെ വോട്ടര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പുതിയ നടപടിയുമായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വോട്ടര്‍മാര്‍ക്കും ഇനി മുതല്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ (Unique Identification Number) നല്‍കും. സെപ്റ്റംബര്‍ 29-ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട 2,83,12,458 വോട്ടര്‍മാര്‍ക്കാണ് ഈ പുതിയ നമ്പര്‍ ലഭിക്കുക. ഇനി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന എല്ലാവര്‍ക്കും ഈ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും.

നേരത്തെ, വോട്ടര്‍മാര്‍ക്ക് അവര്‍ നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (EPIC നമ്പര്‍), 2015 മുതല്‍ വോട്ടര്‍മാരായവര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ നമ്പര്‍, മറ്റ് ചിലര്‍ക്ക് തിരിച്ചറിയല്‍ നമ്പറൊന്നും ഇല്ലാത്ത രീതിയിലുമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഈ ആശയക്കുഴപ്പം ഒഴിവാക്കി ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

പുതിയ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ‘SEC’ എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേര്‍ന്നതാണ്. തദ്ദേശ സ്ഥാപന വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടര്‍നടപടികള്‍ക്കും അന്വേഷണങ്ങള്‍ക്കും വോട്ടര്‍മാര്‍ ഈ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

ഈ മാറ്റം വോട്ടര്‍പട്ടികയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും വോട്ടര്‍മാര്‍ക്ക് അവരുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.