സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്‍റ് അവസാന നിമിഷം മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ്; അറിയാതെ കായികതാരങ്ങള്‍; പ്രതിഷേധം

തിരുവനന്തപുരം : ഇന്ന് മുതൽ തിരുവനന്തപുരത്ത് ആരംഭിക്കാനിരുന്ന സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്‍റ് അവസാന നിമിഷം മാറ്റിവെച്ചത് കായിക താരങ്ങളെ ഏറെ പ്രതിസന്ധിയിലാക്കി. ബുധൻ, വ്യാഴം, വെള്ളി തീയതികളിലാണ് മേള നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാവിലെ മാത്രമാണ്  അധികൃതർ  കായിക താരങ്ങളെ ഇക്കാര്യം അറിയിക്കുന്നത്.

ഡിസംബർ 8, 9, 10 തീയതികളിലായാണ് സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്‍റ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഇന്നലെ രാവിലെയോടെ മേള നീട്ടിവെച്ചുകൊണ്ടുള്ള അറിയിപ്പ് വന്നു. സംഘാടകസമിതി സംബന്ധിച്ച പുതിയ തീരുമാനo വരുന്നതുവരെ മേള മാറ്റിവെക്കാൻ കായിക മന്ത്രിയുടെ ഓഫീസിൽ നിന്ന് സംഘാടകരായ തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിലേക്ക് അറിയിപ്പ്  നൽകുകയായിരുന്നു. പങ്കെടുക്കേണ്ട വിവിധ ജില്ലകളിൽ നിന്നുള്ള സ്പോർട്സ് താരങ്ങൾ അവരവരുടെ ഓഫീസുകളിൽ നിന്നും റിലീവ് ചെയ്ത് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ടൂർണമെന്‍റ് മാറ്റിവെച്ചതായി അറിയിപ്പ് വന്നത്. മറ്റു ചിലർ തിരുവനന്തപുരത്തേക്കുള്ള യാത്രയിലുമായിരുന്നു. സംഘാടക സമിതിയിലെ പടല പിണക്കങ്ങൾക്ക് ജീവനക്കാരെ ബലിയാടാക്കിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. സംഘാടക സമിതിയുടെ പിടിപ്പുകേടിന് ജീവനക്കാരെ ബലിയാടാക്കുകയായിരുന്നു എന്ന് ജീവനക്കാരുടെ   സംഘടനകൾ ആരോപിച്ചു.

അതിനിടെ മീറ്റ് മാറ്റിയത് അറിയാതെ ധാരാളം കായികതാരങ്ങൾ ഇപ്പോഴും തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ താരങ്ങൾക്ക് അറ്റൻഡൻസ് സർട്ടിഫിക്കറ്റ്  നൽകാൻ സ്പോർട്സ് കൗൺസിൽ അധികൃതർ   വിസമ്മതിച്ചത്   കൂടുതൽ വാഗ്വാദങ്ങൾക്ക്   വഴിവെച്ചു. സെക്രട്ടേറിയറ്റിലെ ചില സംഘടനകളും കായിക മന്ത്രിയുടെ ഓഫീസും തമ്മിലുള്ള വടംവലി ആണ് മീറ്റ് മാറ്റിവെക്കാൻ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.

Comments (0)
Add Comment