തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചു. കേന്ദ്രത്തിന്‍റെ ശത്രൂത മനോഭാവം വെലുവിളിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. റബർ താങ്ങുവിലയില്‍ നാമമാത്ര വർധനവ്. റബറിന്‍റെ താങ്ങുവില 170 ല്‍ നിന്ന് 180 രൂപയാക്കി. ആകെ 10 രൂപ മാത്രമാണ് താങ്ങുവില കൂട്ടിയിരിക്കുന്നത്. റബർ കർഷകർക്ക് നിരാശയാണ് ബജറ്റില്‍. അതേസമയം കേരളീയത്തിനായി 10 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. കേരളത്തിന്‍റെ നേട്ടങ്ങളേയും നന്മകളേയുംകുറിച്ച് പഠനങ്ങളും ഫീച്ചറുകളും വീഡിയോകളും ചെയ്യുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്നതായി പത്ത് ലക്ഷം രൂപയും നീക്കിവെക്കുന്നുവെന്നാണ് കെ.എന്‍.ബാലഗോപാല്‍ പറഞ്ഞത്. കേരളീയത്തിന് നിരവധി രൂക്ഷവിമർശനങ്ങളായിരുന്നു ഇത്തവണ ഉയർന്നത്. കേരളീയം പരിപാടി ധൂർത്താണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകും. ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ. സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കും. ടൂറിസം മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം ആകർഷിക്കും. . ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദഗ്ധരുടെ ടാസ്ക് ഫോഴ്സുകൾ ആരംഭിക്കും. വിദേശ സർവകലാശാലകൾ സ്ഥാപിക്കുന്നത് പരിശോധിക്കും. കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, പൊതു സ്വാകാര്യമൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ‘ഔട്ട് ഓഫ് ദ് ബോക്സ്’ ആശയങ്ങള്‍ ഇതിനായി നടപ്പാക്കും. അടുത്ത മൂന്നുവര്‍ഷം 3 ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞു.
യുദ്ധം മൂലമുണ്ടാകുന്ന രാജ്യാന്തര സാമ്പത്തിക മാന്ദ്യവും കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അവഗണനയും കേരളത്തിന് വന്‍പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പലസ്തീന്‍, യുക്രെയ്ന്‍ യുദ്ധങ്ങള്‍ വിപുലമായാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ഇതുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ബജറ്റ് തയാറാക്കിയത്. എന്നാല്‍ യുദ്ധവും മാന്ദ്യവും രൂക്ഷമായാല്‍ ആഗോള അനിശ്ചിതത്വവും നേരിടാന്‍ ആഭ്യന്തര തലത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടും. ഇതിനുവേണ്ടി സമഗ്ര പരിപാടി തയാറാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 5000 കോടിയുടെ നിക്ഷേപ സമാഹരണം ഉണ്ടാകും. കാർഷിക മേഖലയ്ക്ക് 1698 കോടിയുടെ നിക്ഷേപം. വർക്ക് നിയർ ഹോം സെന്ററുകൾക്കായി 10 കോടി. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും. ഭൂമി പൂളിങ് വേഗത്തിലാക്കും. നാളികേരള വികസന പദ്ധതിക്ക് 65 കോടി. വിളപരിപാലനത്തിന് 13 കോടി. കേരള ഫീഡ്സിന് 16 കോടി. 327 കോടിരൂപ മത്സ്യബന്ധന മേഖലയ്ക്ക്.നാടുകാണിയിൽ സഫാരി പാർക്ക്. ആദ്യഘട്ട നടപടികൾക്ക് 2 കോടി രൂപ അനുവദിച്ചു.തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിനായി 10 കോടി രൂപ കൂടി വകയിരുത്തുന്നു.കൊച്ചിൻ ഷിപ്‌യാർഡിന് 500 കോടി രൂപ അനുവദിച്ചു.10.5 കോടി തൊഴിൽദിനങ്ങൾ ഈ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകും. അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി. 2025ൽ അതിദാരിദ്ര്യം ഇല്ലാതാക്കും. 430 കോടിരൂപയുടെ ഉപജീവന പദ്ധതികൾ കുടുംബശ്രീയിലൂടെ നടപ്പിലാക്കും. കുടുംബശ്രീക്ക് 265 കോടി. ശുചിത്വ മിഷന് 25 കോടി. ശബരിമല മാസ്റ്റർ പ്ലാനിനായി 27.6 കോടി രൂപ വകയിരുത്തി. രാജ്യാന്തര വാണിജ്യ ഭവന സമുച്ചയം നിർമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.