തിരുവനന്തപുരം: സംസ്ഥാനം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധി നേരിടുന്നതിനിടയിൽ സംസ്ഥാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ഇക്കുറിയും ക്ഷേമപെൻഷനിൽ വർധനവുണ്ടാകില്ലെന്ന സൂചന തന്നെയാണ് ഉയരുന്നത്. കഴിഞ്ഞ ബജറ്റിൽ വൻ നികുതി വർധനവ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച സർക്കാർ ഇക്കുറി വിവിധ ഫീസിനങ്ങളിൽ വർധനവ് വരുത്തി പണം കണ്ടെത്തുവാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ ധന പ്രതിസന്ധിയിൽ ആടി ഉലയുന്നതിനിടയിലാണ് സംസ്ഥാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കുക. ആറുമാസത്തെ ക്ഷേമ പെൻഷൻ മുടങ്ങിയത് കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയർത്തുന്നത്. വിമർശനങ്ങൾക്ക് തടയിടുവാൻ ക്ഷേമപെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം പാർട്ടിയും മുന്നണിയും ഒക്കെ മുന്നോട്ടുവെക്കുന്നെങ്കിലും ഒരു രൂപ പോലും വർധിപ്പിക്കാൻ ആകില്ല എന്ന നിലപാടിലാണ് ധനകാര്യ മന്ത്രി . പകരം 6 മാസത്തെ കുടിശികയിൽ 2 മാസത്തെ പെൻഷൻ ഉടൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച് തടി തപ്പുവാനാണ് ധനകാര്യ വകുപ്പ് ലക്ഷമിടുന്നത്.
കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധം എന്ന് മുദ്രകുത്തിയ കഴിഞ്ഞ ബജറ്റിൽ വൻ നികുതിഭാരവും ഇന്ധന സെസും ഏർപ്പെടുത്തിയെങ്കിലും സർക്കാരിന് പിടിച്ച് നിൽക്കാൻ 39,706 കോടി രൂപ കൂടി കടമെടുക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ബജറ്റിൽ ഏറെ വിമർശന വിധേയമായ ഇന്ധന സെസ്, പെർമിറ്റ് ഫീസ് വർധന, ഭൂമി ന്യായവില വർധന ഉൾപ്പെടെയുള്ള നീക്കങ്ങൾ എല്ലാം സർക്കാരിന് തിരിച്ചടിയായതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സെസ് ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഇന്ധന വില്പന ഗണ്യമായി കുറഞ്ഞു. നേരത്തെ ലഭിച്ചിരുന്ന നികുതി വരുമാനം പോലും ലഭിക്കാത്ത സ്ഥിതിയുണ്ടായി.
രജിസ്ട്രേഷൻ ഫീസ് കുത്തനെ വർധിപ്പിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിൽ കനത്ത തിരിച്ചടിയ്ക്കു ഇടയാക്കി. ഏർപ്പെടുത്തിയ നികുതികളിൽ ഒന്നും കുറവ് വരുത്താതെ ഇക്കുറി വിവിധ ഫീസിനങ്ങളിൽക്കൂടി വർധനവ് വരുത്തി അധിക വരുമാനവർധനവിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുവരെ തൊടാത്ത ചില മേഖലകളിൽ ഫീസുകളും നിരക്കുകളും ഏർപ്പെടുത്താനുള്ള നീക്കങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. ധനകാര്യ മാനേജ്മെന്റിലെ പരാജയം മറച്ചുവെക്കുവാൻ കേന്ദ്രത്തെ പഴിചാരി പുകമറ സൃഷ്ടിച്ച് ജനങ്ങളുടെ മേൽ അധികഭാരം ചുമത്തി മുന്നോട്ടു പോകുവാൻ തന്നെയാണ് സർക്കാർ ലക്ഷ്യമിടുന്നത്.