Stampede at Srikakulam | ആന്ധ്രയിലെ ശ്രീകാകുളത്ത് ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 9 മരണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്

Jaihind News Bureau
Saturday, November 1, 2025

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം ഒന്‍പത് ഭക്തര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

കാര്‍ത്തിക മാസത്തിലെ ഏകാദശിയായ ശനിയാഴ്ച ക്ഷേത്രത്തില്‍ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. തിരക്ക് നിയന്ത്രിക്കാന്‍ വെച്ചിരുന്ന ബാരിക്കേഡുകളിലേക്ക് ആളുകള്‍ തള്ളിനീങ്ങുകയും അത് അപകടത്തിലേക്ക് നയിക്കുകയുമായിരുന്നു. അപകടത്തില്‍പെട്ട ഭക്തരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

സംഭവസമയത്ത് ക്ഷേത്രത്തിലെ പ്രവേശനവും പുറത്തുകടക്കാനുള്ള വഴിയും ഒന്നായിരുന്നുവെന്നും, ക്ഷേത്രത്തിന്റെ ഒരു ഭാഗം നിര്‍മ്മാണത്തിലിരിക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ഒരു വര്‍ഷം മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത ഈ സ്വകാര്യ ക്ഷേത്രം സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് ഇത്രയും വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.

സംഭവമറിഞ്ഞയുടന്‍ പോലീസ് സംഘങ്ങളും അടിയന്തര സേനാവിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന കൃഷി മന്ത്രി കെ. അച്ചന്‍നായിഡു ഉടന്‍തന്നെ ക്ഷേത്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനുമായി കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ടത് ‘വളരെ ഹൃദയഭേദകമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.പരിക്കേറ്റവര്‍ക്ക് വേഗത്തിലും ശരിയായ രീതിയിലും ചികിത്സ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശ് റിയല്‍ ടൈം ഗവേണന്‍സ് മന്ത്രിയും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ് അപകടസ്ഥലത്ത് എത്തും