ഭിന്നശേഷിക്കാർക്കും ഭിന്നലിംഗക്കാർക്കും ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് സ്റ്റാലിന്‍

Jaihind Webdesk
Thursday, June 3, 2021

ചെന്നൈ : ഭിന്നശേഷിക്കാർക്കും ഭിന്നലിംഗക്കാർക്കും ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. അധികാരമേറ്റപ്പോള്‍ തന്നെ സ്റ്റാലിന്‍ സര്‍ക്കാര്‍ വനിതകള്‍ക്ക് ബസില്‍ സൗജന്യയാത്ര പ്രഖ്യാപിച്ചിരുന്നു.

ബിപിഎൽ കാർഡ് ഉടമകൾക്ക് 15 പലചരക്ക് സാധനങ്ങളടങ്ങിയ കിറ്റിന്‍റെ വിതരണവും കൊവിഡ് ദുരിതാശ്വാസത്തിനായി നൽകുന്ന തുകയുടെ രണ്ടാം ഘട്ട  വിതരണവും നടന്നു. സംസ്ഥാനമെമ്പാടും 38,000 വൃക്ഷത്തൈകൾ നടാനുള്ള പദ്ധതിക്കും സ്റ്റാലിൻ തുടക്കമിട്ടു. സ്റ്റാലിന്‍റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ 98–ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനമുണ്ടായത്.

ജ്ഞാനപീഠ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും നേടിയവർക്ക് സർക്കാർ വീടുവെച്ചു നൽകും. 70 കോടി രൂപ ചെലവിൽ മധുരയിൽ കരുണാനിധി സ്മാരക ലൈബ്രറി നിർമിക്കാനുള്ള പദ്ധതിയും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. നേരത്തെ കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ക്കായുള്ള സംരക്ഷണ പദ്ധതിയും തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.