ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്കായി 317 കോടിയുടെ പാക്കേജ് ; പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്‍

Jaihind Webdesk
Friday, August 27, 2021

ചെന്നൈ: ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്കായി 317 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലുള്ള അഭയാര്‍ഥികളുടെ ഭവന പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ക്കാണ് പ്രത്യേക പാക്കജ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തുള്ള ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും സ്റ്റാലിന്‍ നിയമസഭയെ അറിയിച്ചു. ഇവര്‍ക്ക് പൗരത്വം നല്‍കുന്ന വിഷയവും ശ്രീലങ്കയിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് അതിനാവശ്യമായ ക്രമീകരണം ഒരുക്കല്‍ ഉള്‍പ്പെടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കാനായി പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ ഭവന പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 261.54 കോടി വിനിയോഗിക്കും. ആദ്യഘട്ടത്തില്‍ 3510 വീടുകളുടെ നിര്‍മാണത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ 109.81 കോടി നീക്കിവെക്കും. ഇവരുടെ വിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും ഉറപ്പാക്കാനായി 12.25 കോടിയും ജീവിത നിലവാരം ഉയര്‍ത്താന്‍ 43.61 കോടി രൂപയും വിനിയോഗിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.