ഡല്‍ഹി കേരള ഹൗസിലെ ജീവനക്കാരന് കൊവിഡ്; മറ്റ് ജീവനക്കാര്‍ക്ക് മുന്‍കരുതല്‍ നിർദേശങ്ങള്‍ നല്‍കാതെ അധികൃതർ ; ആശങ്ക

Jaihind News Bureau
Saturday, June 13, 2020

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസിലെ ക്ലീനിംഗ് തൊഴിലാളിയായ ഉത്തരേന്ത്യക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ മറ്റ് ജീവനക്കാരോട് മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. കേരള ഹൗസിൽ ഒരാഴ്ച മുമ്പ് മരണപ്പെട്ട തൊഴിലാളിക്ക് കൊവിഡ് ആയിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.

ഡല്‍ഹിയിലെ കേരള ഹൗസിലെ ക്ലീനിംഗ് തൊഴിലാളിയായ ഉത്തരേന്ത്യക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കേരള ഹൗസിലെ മറ്റുള്ളവര്‍ക്ക് ഇത് സംബന്ധിച്ച മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഒരു ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും കേരള ഹൗസ് ക്വാറന്‍റൈന്‍ ചെയ്യാത്തതില്‍ ജീവനക്കാര്‍ ആശങ്കയിലാണ്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരന്‍റെ കൂടെ കേരള ഹൗസില്‍ ജോലി ചെയ്തിരുന്ന 40 കാരനായ മറ്റൊരു തൊഴിലാളി ഒരാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന് ന്യുമോണിയ ആയിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. അതേ സമയം, മരണപ്പെട്ട ജീവനക്കാരന്‍റെ കോവിഡ് 19 പരിശോധന നടത്താത്തതിനാല്‍ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.