ഒരു എംപിയായിരുന്നില്ലേ…ഈ ചിന്താഗതിയൊക്കെ മാറ്റണം ; ജോയിസിനെതിരെ സെന്‍റ് തെരേസാസ് വിദ്യാർത്ഥികളുടെ പ്രതിഷേധം

Jaihind Webdesk
Tuesday, March 30, 2021

 

കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുന്‍ എം.പി ജോയ്‌സ് ജോര്‍ജിനെതിരെ സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥികള്‍. ഒന്നുമില്ലെങ്കില്‍ ജോയ്‌സ് ജോര്‍ജ് ഒരു എംപിയായിരുന്നില്ലേയെന്നും അഭിഭാഷകനല്ലേ എന്നും സെന്റ് തെരേസാസ് വിദ്യാര്‍ഥികള്‍ ചോദിച്ചു. പരാമര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷനെ സമീപിക്കാനൊന്നും പോകുന്നില്ല ഈ ചിന്താഗതി മാറ്റിയാല്‍ മതിയെന്നും ഇടുക്കിയില്‍ നിന്ന് തന്നെയുള്ള ഒരു വിദ്യാര്‍ഥി പ്രതികരിച്ചു.

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സംവദിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികള്‍ക്ക് അക്കിഡൊ പ്രതിരോധമുറ പരിശീലിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രസ്താവന സ്ത്രീവിരുദ്ധവും ലൈഗികച്ചുവയുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അന്തസില്ലാത്തതാണെന്ന് കെ മുരളീധരൻ എം.പി. മുഖ്യമന്ത്രിയുടെ മറുപടി ഇക്കാര്യത്തിൽ അറിയണമെന്നും അദ്ദേഹം പറഞ്ഞു. ജോയിസ് ജോര്‍ജിന്‍റേത് പക്വതയില്ലാത്ത വിലകുറഞ്ഞ പരാമര്‍ശമെന്ന് പി.ജെ ജോസഫും പറഞ്ഞു. ജോയിസിന്‍റെ വാക്കുകള്‍ എല്‍ഡിഎഫിന്റെ അഭിപ്രായം ആണോയെന്നും ജോസഫ് തൊടുപുഴയില്‍ ചോദിച്ചു.

അതേസമയം വിവാദ പരാമർശത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് ഇടുക്കി ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപിയും പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചിരിക്കുന്നു. അവനവൻ്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. വിദ്യാർഥിനികളെ കൂടിയാണ് അപമാനിച്ചതെന്നും ഡീന്‍ പറഞ്ഞു.