എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി; ഹോട്ട് സ്‌പോട്ടുകളിൽ പരീക്ഷാകേന്ദ്രമില്ല; ആശയക്കുഴപ്പം നിലനിൽക്കുന്നു

Jaihind News Bureau
Wednesday, May 20, 2020

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പിടിവാശി. രാവിലെ ചേർന്ന മന്ത്രിസഭായോഗം പരീക്ഷകൾ ജൂണിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. സംസ്ഥാനം ഗുരുതരമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെയാണ് പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്നും വ്യക്തമാക്കുന്നത്.

ഈ മാസം 26 മുതൽ അവശേഷിക്കുന്ന എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകൾ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും അദ്ധ്യാപകരുടെയും ഭാഗത്ത് നിന്ന് ഉയർന്നു. ശക്തമായ പ്രതിഷേധം അലയടിച്ചപ്പോഴും
പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന് ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്ര സർക്കാർ കർശന നിലപാട് എടുത്തതോടെ സർക്കാർ പിടിവാശി ഉപേഷിക്കാൻ തയ്യാറായി. പരീക്ഷകൾ ജൂണിലേക്ക് മാറ്റിവക്കാൻ രാവിലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ട് പിന്നാലെ പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം 26 ന് തന്നെ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷ തീയതികൾ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്‍റെ ചുവട് പിടിച്ചാണ് സർക്കാർ ധൃതിപിടിച്ച് തീരുമാനം കൈകൊണ്ടത്.

ഹോട്ട് സ്‌പോട്ടുകളിൽ പരീക്ഷ നടത്തരുതെന്ന് കേന്ദ്ര നിർദേശത്തിൽ പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് മേഖലകളിലുളളവർ എങ്ങനെ പരീക്ഷ കേന്ദ്രത്തിൽ എത്തും എന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ നടത്താനുളള തീരുമാനവുമായി സർക്കാർ മുന്നോട്ട പോകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശിയാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന വിമർശനം.