മോട്ടോര്‍ വാഹനപണിമുടക്ക് : ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റി

Jaihind News Bureau
Monday, March 1, 2021

 

തിരുവനന്തപുരം : മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്ന് ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് എട്ടിലേക്ക് മാറ്റി. എസ്എസ്എല്‍സി പരീക്ഷയും മാറ്റിവെച്ചു. പരീക്ഷ എട്ടാം തീയതി നടത്തിയേക്കും.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി ബസുകൾ തുടങ്ങിയവയൊന്നും നാളെ നിരത്തിലിറങ്ങില്ല. പാൽ, പത്രം, ആംബുലൻസ്, വിവാഹ വാഹനങ്ങള്‍ തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇതിനോടനുബന്ധിച്ചുള്ള വാഹനങ്ങളെയും ഒഴിവാക്കും.